Kerala

മട്ടാഞ്ചേരിയില്‍ വിദേശവനിതകളെ ആക്രമിച്ച പ്രതികള്‍ പിടിയില്‍ – foreign women attacked in mattancherry accused arrested

പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെയും മട്ടാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്

എറണാകുളം മട്ടാഞ്ചേരിയില്‍ വിദേശവനിതകളെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ സനോവര്‍, അമീര്‍, അര്‍ഫാത് എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കല്‍വത്തി പാലത്തിനുസമീപം വെച്ചാണ് പ്രതികള്‍ വിദേശവനിതകളെ ആക്രമിച്ചത്. ഇത് അന്വേഷിക്കാന്‍ എത്തിയ പോലീസുകാരെ പ്രതികളും നാട്ടുകാരും ചേര്‍ന്ന് ആക്രമിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് എത്തിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. സിബിയേയും സംഘത്തേയുമാണ് അക്രമികള്‍ ആക്രമിച്ചത്. പാലത്തിലിരിക്കുകയായിരുന്ന പ്രതികളോട് സംഭവത്തെക്കുറിച്ച് ചോദിച്ചതും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു.

ഇതിനിടെ പ്രതികളില്‍ ഒരാളെ പോലീസ് ജീപ്പില്‍ കയറ്റിയെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബലമായി മോചിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ഭാസി, അഫ്‌സല്‍ എന്നിവര്‍ക്കും പരിക്കേറ്റു. പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെയും മട്ടാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.

STORY HIGHLIGHT: foreign women attacked in mattancherry accused arrested