ഒൻപതു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് വിക്രമന് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. ഈ കുട്ടിയുടെ അനുജത്തിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിക്രമനെ കഴിഞ്ഞ ആഴ്ച ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്.
പിഴത്തുക കുട്ടിക്ക് നൽക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇത് കൂടാതെ പതിനാല് വർഷം കഠിനതടവും അനുഭവിക്കണം. 2020-21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. കേസിൽ മൊഴി പറഞ്ഞാൽ തനിക്ക് നാണക്കേടാണെന്ന് അച്ഛൻ കുട്ടിയോട് പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി നൽകുകയായിരുന്നു.
അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഈ സമയങ്ങളിൽ അമ്മൂമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കുട്ടികളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ കുട്ടികളെ അശ്ലീല വിഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.
നിലവിൽ കുട്ടികൾ ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്. മംഗലപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എ. അൻസാരി, കെ. പി. തോംസൺ, എച്ച്. എൽ. സജീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
STORY HIGHLIGHT: man double life imprisonment child rape