അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പഠനങ്ങളിൽ ആദ്യം ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ ഗ്രഹത്തെയാണ് നമ്മള്‍ തേടുക. സത്യത്തില്‍ ഒരു ഗ്രഹത്തിന്റെ ആവശ്യമുണ്ടോ ജീവന്? ഗ്രഹമില്ലാതെ തന്നെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലേ? സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗ്രഹത്തിലല്ലാതെയും അന്യഗ്രഹജീവന്‍ സാധ്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് പുതിയ സാധ്യതകളിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ ഗ്രഹം നമുക്കെല്ലാം അറിയാവുന്ന ഭൂമിയാണ്. ചേര്‍ത്തുപിടിക്കുന്ന ഗുരുത്വാകര്‍ഷണബലവും താപനില അധികമാവാതെ സൂക്ഷിക്കുന്ന കട്ടിയേറിയ അന്തരീക്ഷവും ഭൂമിക്കുണ്ട്. ഇതെല്ലാം ജലം ഭൂമിയില്‍ നിന്നും നഷ്ടമാവാതിരിക്കാന്‍ സഹായിക്കുന്നു.
കാര്‍ബണ്‍, ഓക്‌സിജന്‍ പോലുള്ള മൂലകങ്ങളുടെ സാന്നിധ്യം ജീവജാലങ്ങളുടെ അടിസ്ഥാന ഘടകങ്ങള്‍ നിര്‍മിക്കുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. സൂര്യപ്രകാശം സൗജന്യവും പരിധിയില്ലാത്തതുമായ ഊര്‍ജ്ജസ്രോതസായി തീരുകയും ചെയ്യുന്നു. ഇങ്ങനെ ജീവന് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട് നമ്മുടെ ഭൂമിയില്‍. മിക്കപ്പോഴും അന്യഗ്രഹ ജീവനുകളുടെ തിരച്ചില്‍ ആരംഭിക്കുന്നത് ഭൂമിയുടേതിന് സമാനമായ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്‍ നിന്നാണ്. ജീവന് അനുയോജ്യമെന്ന് നമ്മള്‍ കരുതുന്ന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്ലെങ്കില്‍ പോലും ജീവന്‍ സാധ്യമാണെന്നാണ് പുതിയ പഠനം പറയുന്നത്. അസ്‌ട്രോബയോളജി ജേണലില്‍ വന്ന പഠനമാണ് ഇതുവരെയുള്ള അന്യഗ്രഹ ജീവന്‍ സംബന്ധിച്ച ധാരണകളെ ചോദ്യം ചെയ്യുന്നത്.
ഒറ്റനോട്ടത്തില്‍ വിചിത്രമെന്നു തോന്നുമെങ്കിലും വിശദമായറിയുമ്പോള്‍ അസാധ്യമല്ലെന്ന് തിരിച്ചറിയുന്നതാണ് ഇവരുടെ വാദങ്ങള്‍. ഇപ്പോള്‍ തന്നെ ഗ്രഹത്തിനു പുറത്ത് ജീവന്‍ സാധ്യമാണെന്നതിന്റെ തെളിവ് മനുഷ്യര്‍ കണ്ടെത്തി. അതാണ് രാജ്യാന്തര ബഹിരാകാശ നിലയം. എന്നാല്‍ അവിടെയുള്ള മനുഷ്യര്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കും വേണ്ടി ഭൂമിയില്‍ നിന്നും വലിയ തോതിലുള്ള പിന്തുണയുണ്ട്. മനുഷ്യരെ പോലുള്ള സങ്കീര്‍ണ ജീവജാലങ്ങള്‍ക്ക് നിരവധി വിഭവങ്ങള്‍ ആവശ്യമാണെങ്കിലും ലളിത ജീവജാലങ്ങളായ സൂഷ്മജീവികള്‍ക്ക് പരിമിത വിഭവങ്ങളാല്‍ പിടിച്ചു നില്‍ക്കാനും സാധിക്കും. പ്രത്യേകിച്ച് ഹിമാലയം മുതല്‍ കടലിന്റെ അടിത്തട്ടില്‍ വരെ കാണപ്പെടുന്ന ടാര്‍ഡിഗ്രേഡുകളെ പോലുള്ള സൂഷ്മ ജീവികള്‍ക്ക്.
ബഹിരാകാശത്ത് ജീവജാലങ്ങള്‍ക്ക് സമൂഹമായി അതിജീവിക്കണമെങ്കില്‍ നിരവധി വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. ആദ്യത്തെ വെല്ലുവിളി മര്‍ദ വ്യത്യാസമാണ്. ബഹിരാകാശത്തെ മര്‍ദവ്യത്യാസത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒരു ആവരണമാണ് ഈ മര്‍ദവ്യത്യാസത്തെ തടയാന്‍ വേണ്ടത്. ജലത്തെ ദ്രവരൂപത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന ഊഷ്മാവ് നിലനിര്‍ത്തണമെന്നതാണ് അടുത്ത വെല്ലുവിളി.
ഭൂമിക്ക് ഹരിതഗൃഹ വാതകങ്ങളുടെ സഹായത്തിലാണ് ഇത് ലഭിക്കുന്നത്. സഹാറ മരുഭൂമിയിലെ പ്രത്യേകതരം ഉറുമ്പുകള്‍ ശരീരത്തില്‍ ഏല്‍ക്കുന്ന വെയിലിന് അനുസരിച്ച് ശരീര ഊഷ്മാവില്‍ മാറ്റം വരുത്താറുണ്ട്. സമാനമായ സാങ്കേതികവിദ്യ ബഹിരാകാശകോളനിയുടെ പുറം ആവരണത്തില്‍ കൊണ്ടുവന്നാല്‍ താപനിലയിലെ വെല്ലുവിളികളെ തടയാനാവുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ശൂന്യാകാശത്തെ ഭാരമില്ലായ്മയെ എങ്ങനെ നേരിടുമെന്നതാണ് അടുത്ത വെല്ലുവിളി. ഗ്രഹങ്ങളിലെ ഗുരുത്വബലം ഈ പ്രശ്‌നം ഒഴിവാക്കുമെങ്കിലും ജൈവ കോളനികളില്‍ ഈ പ്രശ്‌നം പരിഹരിക്കുക എളുപ്പമല്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നക്ഷത്രത്തില്‍ നിന്നുള്ള സുരക്ഷിത അകലം പാലിക്കാന്‍ ജൈവ കോളനികള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് 100 മീറ്റര്‍ വിസ്തൃതിയില്‍ ജൈവ കോളനികള്‍ സ്ഥാപിക്കുന്നത് പ്രായോഗികമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ ഗ്രഹങ്ങളിലല്ലാതെ ജീവിക്കുന്ന അന്യഗ്രഹ ജീവനുകള്‍ പ്രപഞ്ചത്തില്‍ ഉണ്ടാവണമെന്ന് യാതൊരു ഉറപ്പുമില്ല. അപ്പോഴും ഭാവിയിലെ മനുഷ്യന്റെ അന്യഗ്രഹ ദൗത്യങ്ങളില്‍ നിര്‍ണായക കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ചിന്തകള്‍ ഈ പഠനത്തിലുണ്ട്. പ്രത്യേകിച്ച് അന്യഗ്രഹ കോളനികളെന്ന് നമ്മള്‍ സങ്കല്‍പിക്കുന്നത് ലോഹങ്ങള്‍ കൊണ്ടു നിര്‍മിച്ച ഭൂമിയില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിക്കുന്ന കേന്ദ്രങ്ങളെയാണ്. ഭാവിയില്‍ ബയോ എന്‍ജിനീയറിങ്ങിലൂടെ നിര്‍മിച്ച വസ്തുക്കള്‍ ഉപയോഗിച്ച് സുസ്ഥിരമായ അന്യഗ്രഹകോളനികള്‍ നിര്‍മിക്കാനുള്ള സാധ്യത കൂടിയാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്.
STORY HIGHLLIGHTS : beyond-planets-the-search-for-bio-colonies