ചേരുവകൾ
റാഗിപ്പൊടി
തേങ്ങ
ചോറ്
പഞ്ചസാര
യീസ്റ്റ്
ഏലയ്ക്ക
തയ്യറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി എടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട ശേഷം അതിലേക്ക് മുക്കാൽ കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് അളവിൽ ചോറ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, അല്പം ഏലയ്ക്ക പൊടിച്ചത് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവ് ഫെർമെന്റ് ചെയ്യാനായി കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വെക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ നിലക്കടല, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യിൽ വറുത്തെടുത്തു വയ്ക്കാം. മാവ് നല്ല രീതിയിൽ പൊന്തി വന്നു കഴിഞ്ഞാൽ പലഹാരം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങാം. അതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് ആവി കയറ്റാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിൽ അല്പം നെയ്യ് തടവി തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒഴിച്ചു കൊടുക്കുക. മുകളിലായി വറുത്തുവെച്ച ചേരുവകൾ കൂടി ചേർത്ത ശേഷം 10 മുതൽ 15 മിനിറ്റ് വരെ ആവി കയറ്റി എടുക്കണം.