Celebrities

‘എന്റെ ചിന്നത്തമ്പി ദുല്‍ഖർ ; ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാള സിനിമ : നടന്‍ സൂര്യ

തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാള സിനിമയെന്ന് നടന്‍ സൂര്യ. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ. ‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് പറയുകയാണെന്ന് കരുതരുത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ റോള്‍ മോഡലാണ് മലയാളം സിനിമ. എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു. സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം’ -സൂര്യ പറഞ്ഞു.

നവംബര്‍ പതിനാലിനാണ് ശിവ ഒരുക്കിയ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവ റിലീസ് ചെയ്യുന്നത്. കൊച്ചിയില്‍ ചൊവ്വാഴ്ചയെത്തിയ സൂര്യ വൈകീട്ട് ലുലുമാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാവിലെ കൊച്ചിയില്‍ എത്തിയ സൂര്യയെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പേരായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെ നടന്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

 

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിഷ പട്ടാണി. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.