പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ എം.പി. പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി. മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. യു.ഡി.എഫ് ചാക്കിൽ പണം കെട്ടിവെച്ചെന്ന് കള്ളവാർത്ത പ്രചരിപ്പിച്ചും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചും നടത്തിയ നാടകമാണ്.
കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിൽ വനിത പൊലീസ് സാന്നിധ്യമില്ലാതെ വാതിലിൽ തട്ടാൻ ആരാണ് അധികാരം കൊടുത്തതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.