രുചികരമായ ഗോതമ്പ് ഹൽവ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. മൂന്ന് ചേരുവകൾമാത്രം മതി വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഗോതമ്പ് ഹൽവ തയ്യാറാക്കാൻ. ഗോതമ്പ് പൊടി, പഞ്ചസാര, നെയ്യ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ഒരു കപ്പ് ഗോതമ്പ് പൊടിയിൽ നാല് കപ്പ് വെള്ളം ചേർത്ത് കട്ടിയാകാത്ത രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം രണ്ടോ മൂന്നോ തവണ അരിച്ചെടുത്ത് മാറ്റിവെക്കണം. ഒരു പാനിലേക്ക് ഗോതമ്പ് അളന്ന കപ്പിൽ തന്നെ അര കപ്പ് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കുക. മറ്റൊരു പാനിൽ നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്ത് മാറ്റിവെയ്ക്കുക.
അതേ നെയ്യിലേക്ക് തന്നെ ഗോതമ്പ് പൊടി മിശ്രിതം ചേർക്കുക, അതിനൊപ്പം ഒരു പിഞ്ച് ഉപ്പുകൂടി ചേർത്ത് ഉയർന്ന ചൂടിൽ കയ്യെടുക്കാതെ ഇളക്കിയെടുക്കുക. പത്ത് മിനിറ്റ് ഇളക്കിയ ശേഷം പഞ്ചസാരലായിനി കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക. 15 മിനിറ്റിനുള്ളിൽ തന്നെ നന്നായി കട്ടിയായി വരുന്ന മിശ്രിതത്തിലേക്ക് ഒന്നര കപ്പ് പഞ്ചസാര വീണ്ടും ചേർക്കുക. ആദ്യം ചേർത്ത പഞ്ചസാര ലായിനി അടക്കം രണ്ട് കപ്പ് പഞ്ചസാരയാണ് ഗോതമ്പ് ഹൽവയ്ക്ക് വേണ്ടത്. ഇടക്കിടെ അൽപ്പം നെയ്യ് കൂടി ചേർത്ത് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. പാത്രത്തിൽ നിന്ന് വിട്ടുവരുന്ന പരിവമാകുമ്പോൾ വറുത്ത് മാറ്റിവെച്ച അണ്ടിപ്പരിപ്പ് കൂടി ചേർത്ത് എണ്ണയോ നെയ്യോ തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക. നന്നായി തണുത്തതിന് ശേഷം മുറിച്ച് എടുത്ത് സ്വാദിഷ്ടമായ ഹൽവ കഴിക്കാം.