World

ലബനൻ പേജർ സ്ഫോടനം; കാണാനില്ലെന്ന കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്, റിൻസൻ നോർവേ കമ്പനി വിട്ടു – lebanon pager explosion rinson jose resigns norvay company

റിൻസൺ ഇപ്പോൾ കമ്പനിയുടെ ഭാഗമല്ല

ലബനനിലെ പേജർ സ്ഫോടനങ്ങളിൽ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പനിയിൽനിന്നും ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്. റിൻസൺ ഇപ്പോൾ കമ്പനിയുടെ ഭാഗമല്ലെന്ന് ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ പ്രതികരിച്ചു.

റിൻസനെ കാണാനില്ലെന്നതിൽ ഓസ്‌ലോ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ കമ്പനി അയച്ച ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.

ഹിസ്ബുല്ലയുടെ സേനാംഗങ്ങളെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ പേജർ ആക്രമണങ്ങളിൽ പേജർ വാങ്ങാൻ പണം കൈമാറിയത് റിൻസന്റെ കമ്പനി വഴിയാണെന്നാണ് അന്വേഷണ ഏജൻസികൾക്കു വിവരം കിട്ടിയത്. ഇതിനു പിന്നാലെ സെപ്റ്റംബർ 17 മുതൽ റിൻസനെക്കുറിച്ച് നോർവെയിലെ കമ്പനി അധികൃതർക്കോ സുഹൃത്തുക്കൾക്കോ വയനാട്ടിലെ കുടുംബത്തിനോ വിവരം ലഭിച്ചിരുന്നില്ല.

റിൻസൻ കമ്പനിയുമായി ബന്ധപ്പെട്ടതിൽ സന്തോഷമെന്ന് വയനാട്ടിലെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. റിൻസൻന്റെ നോർവെയിലെ സുഹൃത്തുക്കൾക്ക് ഇപ്പോഴും റിൻസൻ എവിടെയെന്നതിനെക്കുറിച്ച് സൂചനയില്ല.

STORY HIGHLIGHT: lebanon pager explosion rinson jose resigns norvay company