World

ലോകത്തിന് ഇന്നും പിടിതരാത്ത അത്ഭുതം; വാര്‍ത്തകളിലിടം പിടിച്ച്‌ വീണ്ടും അന്യഗ്രഹജീവികള്‍ | aliens-have-been-watching-over-us-nuclear-missile-bases-for-decades-ufo-expert-claims

അന്വേഷണ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു വശമാണ് അന്യഗ്രഹ ജീവികള്‍

ലോകത്തിന് ഇന്നും പിടിതരാത്ത അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ഒന്നാണ് അന്യഗ്രഹജീവികള്‍. പ്രപഞ്ചത്തില്‍ വേറൊരു ജീവന്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു വശമാണ് അന്യഗ്രഹ ജീവികള്‍. അന്യഗ്രഹജീവികള്‍ എന്ന പേര് കേള്‍ക്കുമ്ബോള്‍തന്നെ നമ്മുടെയെല്ലാം ഓര്‍മയിലെത്തുന്നത് വലിയ തലയും, തലയില്‍ മുടിയില്ലാത്ത, കണ്ണുകള്‍ വലുതും വട്ടത്തിലുള്ളതുമായ ജീവികളെയായിരിക്കും. 1947ല്‍ കെന്നെത്ത് ആര്‍നൊള്‍ഡ് എന്ന സ്വകാര്യ വൈമാനികന്‍ ആകാശത്ത് പറക്കുന്ന തിളക്കമുള്ള തളികയാകൃതിയിലുള്ള വസ്തുക്കളെ കണ്ടതോടെയാണ് പറക്കും തളികയെന്ന അജ്ഞാതവസ്തുവും അന്യഗ്രഹ ജീവികളും എന്ന സങ്കല്‍പ്പത്തിന് ജീവന്‍ വെച്ചത്. ലോകമെമ്ബാടും ഇത്തരത്തില്‍ ധാരാളം പറന്നുനടക്കുന്ന അജ്ഞാതവസ്തുക്കളെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള പറക്കുന്ന അജ്ഞാത വസ്തുക്കള്‍ കണ്ടതായി നിരവധി പേര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അന്യഗ്രഹ ജീവികള്‍ എന്ന സങ്കല്‍പ്പം ഇന്നും ഒരു രഹസ്യമായി തുടരുന്നു. നിരവധി സംഘടനകളാണ് പറക്കും തളികകളുടെ അസ്തിത്വം തെളിയിക്കാനായി ഗവേഷണം നടത്തുന്നത്. എന്നാല്‍ ഇന്നുവരെ ഇത്തരം ജീവികള്‍ ഉണ്ടോ എന്നതിനെ കുറിച്ച്‌ കൃത്യമായ ഉത്തരം നല്‍കാനാർക്കുമായിട്ടില്ല.

എന്നാല്‍, അന്യഗ്രഹ ബഹിരാകാശ പേടകങ്ങള്‍ ഭൂമി സന്ദര്‍ശിക്കുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളും സിദ്ധാന്തങ്ങളും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. 1960കളിലും 70കളിലും, യു.എഫ്.ഒ.കള്‍ അഥവാ പറക്കും തളികകള്‍ അമേരിക്കയിലെ സൈനിക താവളങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന അവകാശ വാദങ്ങള്‍ കൂടുതലയായി പ്രചരിച്ച്‌ തുടങ്ങിയത്. ഭൂമിയിലേക്ക് അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകാമെന്നാണ് ഒരുകൂട്ടര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞപ്പോള്‍, ഇതെല്ലാം സത്യമാണെന്ന് അവകാശപ്പെട്ടുകൊണ്ട് യുഎഫ്‌ഒ ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഹേസ്റ്റിംഗ്‌സ് രംഗത്ത് വന്നിരിക്കുകയാണ്. അന്യഗ്രഹ ജീവികള്‍ ‘എല്ലാ പ്രധാന ന്യൂക്ലിയര്‍ മിസൈല്‍ ബേസുകളും’ സന്ദര്‍ശിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ദ ഡെയ്‌ലി മെയില്‍ പ്രകാരം നിരവധി സൈനികരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട് ഹേസ്റ്റിംഗ്‌സ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആണവായുധ സംഭരണത്തിനും പരീക്ഷണ കേന്ദ്രത്തിനും സമീപം പറക്കുന്ന വസ്തുക്കളെ നേരിട്ടതായി 120 ലധികം മുന്‍ സൈനിക അംഗങ്ങള്‍ സമ്മതിച്ചതായും അദ്ദേഹം ആവര്‍ത്തിച്ചു. സര്‍ക്കാര്‍ രേഖകകളില്‍, സൈനിക സൈറ്റുകള്‍ക്ക് സമീപമുള്ള മറ്റ് യുഎഫ്‌ഒ ദൃശ്യങ്ങള്‍ കാണിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അവകാശവാദങ്ങള്‍ ഉയരുന്നത്. പെന്റഗണും, പോലീസും, നാസയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും, ഗവേഷണ വിമാനമായ WB-57F പോലും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച്‌ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത.റിട്ടയേര്‍ഡ് യുഎസ് എയര്‍ഫോഴ്സ് സ്റ്റാഫ് സര്‍ജന്റ് നടത്തിയ പഠനത്തില്‍, ശീതയുദ്ധകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വിശ്വസനീയമായ 500 യുഎഫ്‌ഒ കേസുകള്‍ വിശകലനം ചെയ്തു. 1945 മുതല്‍ 1975 വരെയുള്ള യുഎഫ്‌ഒകളുടെ ഔദ്യോഗിക സൈനിക, പോലീസ് റിപ്പോര്‍ട്ടുകളില്‍ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചു. ആണവ, സൈനിക താവളങ്ങള്‍ക്കും സമീപത്തെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും മുകളില്‍ കണ്ടെത്തിയ യുഎഫ്‌ഒകളുടെ റിപ്പോര്‍ട്ടുകളും പഠനത്തില്‍ കണക്കിലെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ 2001 ജൂലൈ 14 ന് അര്‍ദ്ധരാത്രിക്ക് ശേഷം ഏകദേശം 15 മിനിറ്റോളം, സ്റ്റാറ്റന്‍ ഐലന്‍ഡിനിടയിലുള്ള ആര്‍തര്‍ കില്‍ ജലപാതയിലൂടെ ‘വി’ രൂപത്തില്‍ വിചിത്രമായ ഓറഞ്ച്-മഞ്ഞ ലൈറ്റുകള്‍ കണ്ട ജനങ്ങള്‍ അത്ഭുതപ്പെട്ടു.മറ്റൊന്ന് 2004 നവംബര്‍ 14 ന്, യുഎസ്‌എസ് നിമിറ്റ്സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ യുഎസ്‌എസ് പ്രിന്‍സ്റ്റണ്‍, സാന്‍ ഡീഗോ തീരത്ത് നിന്ന് 100 മൈല്‍ അകലെയുള്ള റഡാറില്‍ അജ്ഞാതമായ ഒരു വസ്തു രേഖപ്പെടുത്തി. രണ്ടാഴ്ചയായി, 80,000 അടി ഉയരത്തില്‍ പ്രത്യക്ഷപ്പെട്ട ഈ വസ്തുക്കളെ ക്രൂ നിരീക്ഷിച്ചുകൊണ്ടിരുന്നു, തുടര്‍ന്ന് അത് പസഫിക് സമുദ്രത്തിന് മുകളിലൂടെ മറഞ്ഞു പോയി.2006 നവംബര്‍ 7ന് ചിക്കാഗോയിലെ ഓ’ഹാരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഫ്ളൈറ്റ്-446 നോര്‍ത്ത് കരോലിനയിലേക്ക് പറക്കാന്‍ ഒരുങ്ങുമ്ബോള്‍, ടാര്‍മാക്കിലുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ ഗേറ്റ് ‘സി 17’ ന് മുകളിലൂടെ ഇരുണ്ട ചാരനിറത്തിലുള്ള മെറ്റാലിക് ക്രാഫ്റ്റ് സഞ്ചരിക്കുന്നത് ശ്രദ്ധിച്ചു. മൊത്തം 12 യുണൈറ്റഡ് ജോലിക്കാരും, എയര്‍പോര്‍ട്ടിന് പുറത്ത് കുറച്ച്‌ സാക്ഷികളും – വൈകുന്നേരം 4.15 ഓടെ തളിക ആകൃതിയിലുള്ള ആ വസ്തുവിനെ കണ്ടു.

അമേരിക്കയിലെ ടെക്സസിലെ സ്റ്റീഫന്‍വില്ലെ എന്ന ചെറുപട്ടണത്തില്‍ 2008 ജനുവരി 8 വൈകുന്നേരം നിരവധി ആളുകള്‍ ആകാശത്ത് സവിശേഷമായ ഒരു കാഴ്ച കണ്ടു. ഹൈവേ 67-ന് മുകളില്‍ വെളുത്ത ലൈറ്റുകള്‍ കണ്ടതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഒരു തിരശ്ചീന കമാനത്തിലും പിന്നീട് ലംബ സമാന്തര ലൈനുകളിലും ആണ് ലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 മുതല്‍ 1975 വരെ ആണവശക്തിയിലേക്കുള്ള അമേരിക്കയുടെ ഉയര്‍ച്ച അന്യഗ്രഹജീവികളോ മറ്റേതെങ്കിലും ഇന്റലിജന്‍സോ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

STORY HIGHLLIGHTS : aliens-have-been-watching-over-us-nuclear-missile-bases-for-decades-ufo-expert-claims