മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കുന്നതിന് സർക്കാർ കണ്ടെത്തിയ സ്ഥലത്തെ സംബന്ധിച്ച തർക്കം തീർക്കാൻ വഴിതേടി ഹൈക്കോടതി. ടൗൺഷിപ് നിർമിക്കാൻ തങ്ങളുടെ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ് മലയാളം ലിമിറ്റഡും കൽപറ്റ എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതു പരിഗണിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതിനുള്ള മറുപടി കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ ഹൈക്കോടതിയിൽ നൽകും. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു കോടതി പറഞ്ഞു.
സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കുന്നതുവരെ ഏറ്റെടുക്കരുതെന്നു ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
STORY HIGHLIGHT: high court hears land acquisition case for wayanad township