പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസ് അധപതിപ്പിച്ചതായും ചെന്നിത്തല ആരോപിച്ചു.
‘സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു. കൊടകര കുഴല്‍പ്പണകേസ് വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട്ടു നടന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പൊലീസ് നടത്തിയ വിടുപണിയാണിത്. ബിജെപി സ്ഥാനാര്‍ഥിയെ എങ്ങനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്.’ രമേശ് ചെന്നിത്തല പറഞ്ഞു.
STORY HIGHLIGHT: ramesh chennithala slams palakkad police raid