അധികമാർക്കും അറിയപ്പെടാതെ മറഞ്ഞിരിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. കാഴ്ചയാൽ മനസ്സിനെ നിറയ്ക്കുന്ന മനോഹരമായ ഇടങ്ങൾ. അങ്ങനെയൊരു ഇടത്തേക്ക് യാത്ര പോയാലോ? അരുവിപ്പുറം ശിവക്ഷേത്രത്തിന് സമീപമുള്ള കൊടി തൂക്കി മല. അരുവിപ്പുറം ശിവക്ഷേത്രത്തിന് സമീപമാണ് കൊടിതൂക്കി മല സ്ഥിതി ചെയ്യുന്നത്. മനസ്സിനെ നിറക്കുന്ന ഒരായിരം കാഴ്ചകളുടെ വിരുന്നൊരുക്കിയാണ് ഈ മല നിങ്ങളെ കാത്തിരിക്കുന്നത്.ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര. കുത്തനെയുള്ള കയറ്റം. ചുറ്റും നിറയെ ചോല വനങ്ങൾ പോലെ തോന്നുന്ന ചെങ്കുത്തായ ഇറക്കങ്ങൾ. ഒടുവിൽ എത്തുന്നത് വിശാലമായ മലയുടെ മുകൾ പരപ്പിൽ. ആത്മീയതയുടെ അന്തരീക്ഷം നിറച്ച് ക്ഷേത്രം. കാട്ടുമൃഗങ്ങള്‍ സഞ്ചരിച്ചിരുന്ന കൊടും കാടായിരുന്നു അരുവിപ്പുറം. അവിടെ നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടിതൂക്കി മല.
കാഴ്ചകൾ കാണാൻ വേണ്ടി മാത്രം പ്രത്യേകം സജ്ജീകരിച്ച വ്യൂ പോയിൻ്റ്. ഇവിടെ നിന്ന് നോക്കിയാൽ കണ്ണേത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ ഭൂപ്രദേശങ്ങൾ. പച്ചപ്പും ജലാശയങ്ങളും ഒക്കെ അവയിൽനിന്നും ചികഞ്ഞു കണ്ടെത്താം. നെയ്യാറ്റിൻകരയുടെ വിദൂര ദൃശ്യങ്ങൾ നിങ്ങളെ ആകർഷിക്കും. ശ്രീനാരായണഗുരു ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്ന സ്ഥലമാണ് കൊടിതൂക്കി മല. അദ്ദേഹത്തിനു സുബ്രഹ്മണ്യസ്വാമിയുടെ ദർശനം ലഭിച്ചത് ഇവിടെ വച്ചാണെന്നു വിശ്വസിക്കുന്നു.ക്ഷേത്രത്തിനു സമീപത്തു നിന്നു മൂന്നൂറിലധികം പടവുകൾ കയറി കൊടികുത്തി മലയിൽ എത്താം. ഇപ്പോൾ മലയുടെ മുകളിൽ വരെ വാഹനം എത്തുന്ന റോഡ് ഉണ്ട്. കൊടിതൂക്കി മലയുടെ പാർശ്വത്തിലായി ഗുരു തപസ്സു ചെയ്ത ഗുഹ കാണാം. നെയ്യാറിൻ്റെ കരയിൽ ഗുരു തപസ്സനുഷ്ഠിച്ച ഗുഹ, ശിഷ്യരിൽ ഒരാളും അരുവിപ്പുറത്തെ പൂജാരിയുമായിരുന്ന ഭൈരവൻ സ്വാമി മണ്ഡപം, പിതൃകർമങ്ങൾ ചെയ്യുന്ന കടവ്, തുടങ്ങി തീർഥാടകർക്ക് ഒട്ടേറെ സന്ദർശന സ്ഥലങ്ങളുണ്ട് ഇവിടെ.
STORY HIGHLLIGHTS :thiruvananthapuram-kodithookki-mala-a-beautiful-view-point-in-neyyattinkara