മുംബൈ അന്ധേരിയില്‍ വീട്ടില്‍പ്പോയി വൃദ്ധയുടെ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കെതിരെ കേസ്. ശസ്ത്രക്രിയ നടത്തിയശേഷം തന്റെ കയ്യില്‍നിന്ന് ഫീസായി 7.20 ലക്ഷം രൂപ വാങ്ങിയെന്നും അവര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ ഡോക്ടറേയും സഹായിയേയും പോലീസ് അന്വേഷിക്കുകയാണ്.
സഫര്‍ മെര്‍ച്ചന്റ്, വിനോദ് ഗോയല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2021 ഒക്ടോബര്‍ 22-ന് പരാതിക്കാരിയുടെ അമ്മ ദന്ത പരിശോധനയ്ക്ക് ക്ലിനിക്കില്‍ പോയപ്പോഴാണ് വിനോദ് ഗോയലിനെ പരിചയപ്പെട്ടത്. ഇവിടെ വെച്ച് ഗോയലിനോട് ഇവര്‍ തന്റെ കാല്‍മുട്ട് വേദനയേക്കുറിച്ചും പറഞ്ഞു. വിനോദ് ഗോയലാണ് തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറുണ്ടെന്നുപറഞ്ഞ് സഫര്‍ മെര്ച്ചന്റിനടുത്തേക്ക് പറഞ്ഞുവിട്ടത്.
ഇവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഇയാള്‍ വൃദ്ധയുടെ അന്ധേരിയിലെ വീട്ടിലേക്കുവരികയും ശസ്ത്രക്രിയയെന്ന വ്യാജേന വൃദ്ധയുടെ കാല്‍മുട്ടില്‍ മുറിവുണ്ടാക്കുകയും മഞ്ഞളാണ് മരുന്നായി മുറിവില്‍ പുരട്ടിയത്. തുടര്‍ന്ന് ശസ്ത്രക്രിയയുടെ പേരിൽ 7.2 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുശേഷവും മുട്ടുവേദന മാറാതിരുന്നതാണ് പരാതിക്കാരിയില്‍ സംശയത്തിനിടയാക്കിയത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ സഫറിനെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഗോയലിനെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല ഇവരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാതെയുമായി.
തുടർന്ന് പരാതിക്കാരിയുടെ വീട്ടുകാര്‍ ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് സഫറിനും ഗോയലിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: fake doctor knee surgery mumbai andheri