പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഫറന്‍സ് മുറിയില്‍ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയില്‍ നിന്ന് മാറ്റാനോ അതില്‍ നിറയ്ക്കാനോ സാധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
തനിക്കൊപ്പമുള്ള കെഎസ്യു നേതാവ് ഫസല്‍ അബ്ബാസിനോട് വസ്ത്രം അടങ്ങിയ പെട്ടി മുകളിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫസലിന്റെ നിര്‍ദേശ പ്രകാരം ഫെനി നൈനാന് കോണ്‍ഫറന്‍സ് മുറിയില്‍ വസ്ത്രം എത്തിക്കുകയായിരുന്നു. ബാഗ് ഹോട്ടലിലെ ഏതെങ്കിലും മുറിയില്‍ നിന്നല്ല കൊണ്ടുവന്നത്. പുറത്ത് തന്റെ കാറില്‍ നിന്നാണ് ബാഗ് എത്തിച്ചത്. പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.
ബാഗില്‍ പണമാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളോ തെളിവുകളോ ആരോപണം ഉന്നയിക്കുന്നവരുടെ കൈവശമുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കൂടാതെ താന്‍ പിന്നിലൂടെ ഇറങ്ങി ഓടി എന്നായിരുന്നല്ലോ ആരോപണം. സിസിടിവി ദൃശ്യം പുറത്തുവന്നതോടെ ആ ആരോപണം പൊളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. വിഡീയോയില്‍ ഫെനിക്കും രാഹുലിനും പുറമേ ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുമുണ്ട്.
STORY HIGHLIGHT: rahul mamkootathil reply on palakkad hotel cctv visuals