കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സിപിഎം – ബിജെപി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറയ്ക്കാനും ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബിജെപി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്ഡെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിയും നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ. മുനീര്‍, സെക്രട്ടറി യു.സി. രാമന് എന്നിവര്‍ പറഞ്ഞു.
‘കൊടകരയിലെ കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ബിജെപി ഒത്തുകളിയാണെന്ന് വെളിവായ സാഹചര്യത്തില്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടായ ജാള്യത മറികടക്കാനാണ് കോണ്‍ഗ്രസിനെതിരെയുള്ള അര്‍ധരാത്രിയിലെ റെയ്ഡ് നാടകം. ഇത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വനിതാ നേതാക്കളുടെ മുറി, മഫ്തിയിലെത്തി തുറപ്പിക്കാന്‍ പൊലീസിന് ധൈര്യം നല്‍കിയത് ആരാണെന്ന് അന്വേഷിക്കണം. അര്‍ധരാത്രി തന്നെ സിപിഎമ്മിന്റെയും ബിജെപിയുടെ നേതാക്കള്‍ സംഭവസ്ഥലത്തെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. റെയ്ഡ് തുടരാന്‍ ഇടത് എംപി അടക്കം പൊലീസിനെ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായി ഇത് ഗുരുതരമാണ്. അതേസമയം റെയ്ഡില്‍ എന്താണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല.
വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ രണ്ടാം പതിപ്പാണ് പാലക്കാട്ടെ റെയ്ഡ്. ഇതിന് വടകരയിലെ വോട്ടര്‍മാര്‍ നല്കിയ മറുപടി തന്നെ പാലക്കാട്ടുകാരും നൽകുമെന്നും’ നേതാക്കള്‍ പറഞ്ഞു.
STORY HIGHLIGHT: muslim league alleges cpm bjp nexus palakkad raid