Kerala

‘മുനമ്പം ഭൂമിയിലെ അവകാശവാദം വഖഫ് ബോർഡ് ഉപേക്ഷിക്കണം’; കെആർഎൽസിസി – krlcc challenges waqf board munambam land dispute

മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ട് കെആർഎൽസിസി. ഭൂമിയിൽ ഇവർക്കു റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവ് ഇതിനു തടസ്സമാണെങ്കിൽ നിയമപരിഹാരം കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

610 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാണെന്നു 2019ൽ തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വഖഫ് ബോർഡിന്റെ തീരുമാനം തെറ്റാണെന്നും, 2019 വരെ ഈ ഭൂമി വഖഫ് ബോർഡിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം ഫാറൂഖ് കോളജിനു സമ്മാനം ലഭിച്ച ഭൂമിയാണ് ഇത് എന്നതാണ്. അതിനാൽത്തന്നെ ഫാറൂഖ് കോളജിൽ നിന്നു ഭൂമി വാങ്ങിയവർക്കു നിയമപരമായി അവകാശമുണ്ട്. ഭൂമി വിറ്റ് ഫാറൂഖ് കോളജ് 33 ലക്ഷം രൂപ സമാഹരിച്ചു. ഇതുപയോഗിച്ചു വാങ്ങിയ സ്ഥലത്താണു ടീച്ചേഴ്സ് ട്രെയ്നിങ് സെന്റർ സ്ഥാപിച്ചത്. ഒരിക്കൽ കൈമാറിയ ഭൂമിയിൽ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണെന്നു കെആർഎൽസിസി ‌ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ഉന്നയിച്ചു.

മുനമ്പം ഭൂമി വിഷയത്തിൽ താൽക്കാലിക പരിഹാരമല്ല, സ്ഥിരം പരിഹാരമാണു വേണ്ടതെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHT: krlcc challenges waqf board munambam land dispute