വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന സ്വാദിഷ്ടമായ ഒരു ദക്ഷിണേന്ത്യൻ പലഹാരമാണ് റവ കേസരി. 25 മിനിറ്റിനുള്ളിൽ തന്നെ സ്വാദിഷ്ടമായ കേസരി തയ്യാറാക്കിയെടുക്കാം. മൂന്ന് ടേബിൾ സ്പൂൺ നെയ്യിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതേ നെയ്യിലേക്ക് മൂന്ന് ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് അര ടീസ്പൂൺ എലയ്ക്കാപൊടിയും കാൽ ടീസ്പൂൺ കളറും ചേർത്ത് ഇളക്കിയെടുക്കുക. തീ കുറച്ചുവെച്ച ശേഷം വെള്ളം അളന്ന അതേ ഗ്ലാസിൽ തന്നെ ഒരു ഗ്ലാസ് വറുത്ത റവ ചേർത്ത് കട്ടകെട്ടാതെ നന്നായി ഇളക്കിയെടുക്കുക. വെള്ളം വറ്റി വെന്ത് വരുമ്പോൾ വെള്ളവും റവയും അളന്ന അതേ ഗ്ലാസിൽ തന്നെ ഒന്നേകാൽ ഗ്ലാസ് പഞ്ചസാര ചേർക്കുക. പഞ്ചസാര അലിഞ്ഞ് വരുന്നതുവരെ നന്നായി കുറുക്കിയെടുക്കുക. തീ എപ്പോഴും കുറച്ച് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം. നന്നായി കുറുകി വന്നശേഷം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റിക്കഴിഞ്ഞാൽ രുചികരമായ റവ കേസരി തയ്യാറായിക്കഴിഞ്ഞു.
എല്ലാതരം ആഘോഷങ്ങൾക്കും വീട്ടിലെത്തുന്ന അതിഥികൾക്ക് വിളമ്പാൻ അനുയോജ്യമാണ് റവ കേസരി. പൂജ, ഉത്സവങ്ങൾ, ഗണേശ ചതുർത്ഥി, കൃഷ്ണാഷ്ടമി തുടങ്ങിയ മംഗളകരമായ ദിവസങ്ങളിൽ ദൈവങ്ങൾക്ക് അർപ്പിക്കാനായും മിക്ക ദക്ഷിണേന്ത്യൻ വീടുകളിലും ക്ഷേത്രങ്ങളിൽ പോലും കേസരി തയ്യാറാക്കാറുണ്ട്.