അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പ്രഭാതഭക്ഷണമായി തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് നീർദോശ. ഒരു കപ്പ് അരിപ്പൊടി അല്ലെങ്കിൽ പത്തിരിപ്പൊടിയോ എടുക്കണം. കാൽ കപ്പ് ചിരകിയ തേങ്ങ, ഒന്ന് മുതൽ രണ്ട് കപ്പ് വരെ വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് നീർദോശ തയ്യാറാക്കാൻ വേണ്ടത്. അരിപ്പൊടിയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കുക. അതിനു ശേഷം മിക്സിയിൽ അരിപ്പൊടി മിശ്രിതം, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് തരിയില്ലാതെ നന്നായി അരച്ചെടുക്കണം. നീർദോശക്കുള്ള കൂട്ട് തയ്യാറായിക്കഴിഞ്ഞു.
ചൂടുള്ള ഒരു പാനിലേക്ക് വളരെ കട്ടികുറച്ച് മാവ് ഒഴിച്ച് ഓരോ ദോശയായി ചുട്ടെടുക്കുക. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ദോശയിൽ പൊട്ടൽ വീണ് ചുട്ടെടുക്കുമ്പോൾ മുറിഞ്ഞുപോകും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അൽപ്പം കൂടി വെള്ളം ചേർത്ത് മാവ് നന്നായി ഇളക്കിയെടുത്ത് വീണ്ടും ചുടുക. തേങ്ങാപ്പാലിനൊപ്പം നീർദോശ അടിപൊളി കോമ്പിനേഷനാണ്. ചിക്കൻ കറിക്കും മുട്ടക്കറിക്കൊപ്പവും നീർദോശ വിളമ്പാം.