സുരേഷ് ഗോപിയെ കേന്ദ്രം കൈയ്യൊഴിഞ്ഞോയെന്നാണ് താരത്തിന്റെ ആരാധകരുടെ ചോദ്യം. സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂര്‍ എം പിയായ സുരേഷ് ഗോപി.
അതേസമയം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരത്തെ കാണാനാകുന്നത്. വിന്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാനായി എന്നാണ് കൂടുതല്‍ കമന്റുകളും. അതേസമയം താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പ്രോജക്ട് താല്‍ക്കാലികമായി നീട്ടിവച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആചാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാന്‍ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാന്‍ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവന്‍സമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത് എന്നാണ് പി.ഡി.ടി. ആചാരി പറഞ്ഞത്.
എന്നാല്‍ താന്‍ സിനിമ ചെയ്യുമെന്നും കേന്ദ്രത്തിനോട് അനുവാദം ചോദിച്ചെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞത്. ”സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബര്‍ ആറാം തിയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീര്‍വാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്‌ക്രിപ്റ്റ് ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്കൊരു ക്യാബിന്‍ ഞാനോ നിര്‍മാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതല്‍ പരിഗണിക്കാന്‍പറ്റും. ഞാന്‍ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവര്‍ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാന്‍ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും. എന്നാണ് സുരേഷ് ഗോപി മുമ്പ് പറഞ്ഞത്.