ദിവസവും ഒരു തുളസിച്ചായ എങ്കിലും കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം എളുപ്പമാക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞ ഈ ചായ ഗുണം ചെയ്യും. കാഴ്ചയിൽ ചെറുതാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വൻമരമാണ് തുളസി. ആന്റി – ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം തുളസിച്ചായയിൽ അടങ്ങിയിട്ടുണ്ട്. തുളസിച്ചായയിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങളുടെ സാന്നിധ്യം വായിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും ചെറുത്തുനിർത്തും. തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്താൽ തുളസി ചായ തയ്യാറാക്കാം. തുളസിയില വെന്ത വെള്ളത്തിൽ ഗ്രീൻ ടീ ചേർത്തും ഉപയോഗിക്കാം. ഇത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. ഇനി സാധാരണ കട്ടൻ ചായയാണ്മെ ഇഷ്ടമെങ്കിൽ അതിലും തുളസിയില ഇട്ട് തിളപ്പിച്ചാൽ മതി. തുളസി ചായ റെഡി. ഭക്ഷണശേഷം ഒരു തുളസിച്ചായ കുടിച്ചാൽ ദഹനത്തിന് ഏറെ ഗുണം ചെയ്യും. പ്രതിരോധശേഷി കൂട്ടുന്നതിനും തുളസിച്ചായ സഹായകമാണ്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകളെ തടഞ്ഞ് നിർത്തി പ്രതിരോധശേഷി ശക്തമാക്കാൻ സഹായിക്കും. യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും സഹായകമാണ്. തുളസിച്ചായ പതിവാക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുവാനും സഹായിക്കും.