World

കാനഡയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ മാറ്റിവെച്ച് ഹൈക്കമ്മീഷൻ – indian high commission cancels consular camps in canada

ഖലിസ്താന്‍ അനുകൂലികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷന്‍ കനേഡിയന്‍ സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടത്

കാനഡയില്‍ നടത്തിവന്നിരുന്ന കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആവശ്യമായ സുരക്ഷയൊരുക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു.

കോണ്‍സുലര്‍ ക്യാമ്പുകളില്‍ ഖലിസ്താന്‍ അനുകൂലികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷന്‍ കനേഡിയന്‍ സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടത്. നവംബര്‍ രണ്ട്, മൂന്ന് ദിനങ്ങളിലാണ് ബ്രാംപ്ടണിലും സറിയിലും നടത്തിയ ക്യാമ്പുകളില്‍ ഖാലിസ്താന്‍ അനുകൂലികള്‍ അക്രമങ്ങള്‍ നടത്തിയത്.

ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയ ഖാലിസ്താന്‍ അനുകൂലികള്‍ അവിടെ ഉണ്ടായിരുന്ന ഭക്തരെയും അവിടെ നടത്തിയിരുന്ന കോണ്‍സുലര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയവരെയും ആക്രമിച്ചിരുന്നു. ഒന്‍ടാരിയോയിലെ പീല്‍ പോലീസാണ് ഇവിടെ സുരക്ഷയൊരുക്കിയിരുന്നത്. ഇവര്‍ അക്രമികളെ തടയുന്നതില്‍ പരാജയപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷന്‍ കനേഡിയന്‍ സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടത്.

ഏറ്റവും കുറഞ്ഞ നിലയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ പോലും നല്‍കാന്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറാകുന്നെല്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ ഇനിയും ആക്രണമുണ്ടായാല്‍ ആളുകള്‍ക്ക് ജീവഹാനിയുണ്ടാകാന്‍ വരെ സാധ്യതയുള്ളതുകൊണ്ടാണ് ക്യാമ്പുകള്‍ മാറ്റിവയ്ക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

STORY HIGHLIGHT: indian high commission cancels consular camps in canada