കൊല്ലം ജില്ലയിലെ തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവെന്ന കുഞ്ഞുഗ്രാമം ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം, വെഞ്ചർ വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും പഴമ വിളിച്ചോതുന്ന ക്ഷേത്രവുമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ്.
ആര്യങ്കവിലെ ഓരോ സ്ഥലങ്ങളും മറഞ്ഞിരിക്കുന്ന രത്നങ്ങളാണ്. ഒരുദിവസം മുഴുവൻ ചുറ്റിയടിച്ച് കാണാൻമാത്രമുള്ള കാഴ്ചകൾ ആര്യങ്കാവിലുണ്ട്. തമിഴ്നാട്ടിൽ നിന്ന് നിരവധി സന്ദർശകർ ഇവിടെയെത്താറുണ്ട്. ആര്യങ്കാവിലൂടെയാണ് കൊല്ലം – തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
ആര്യങ്കാവ് എന്ന പേരു വന്നതിന് പിന്നിൽ പഴമക്കാർ പലകഥകളും പറയുന്നുണ്ട്. ഈ പ്രദേശത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നതിനാൽ ആയിരം കാവ് എന്ന് അറിയപ്പെട്ടു, പിന്നീടത് പറഞ്ഞുപറഞ്ഞ് ആര്യങ്കാവായി എന്നാണ് ഒരുകഥ. ആര്യന്മാരുടെ വരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നു എന്നത് മറ്റൊരു കഥ. അച്ചൻകോവിൽ ക്ഷേത്ര പ്രതിഷ്ഠ അരശനും ആര്യങ്കാവിൽ അയ്യനും ആണ്. അരശന്റെ കോവിൽ അരശൻ കോവിലും അയ്യന്റെ കാവ് അയ്യൻ കാവും. കാലക്രമേണ ഇത് യഥാക്രമം അച്ചൻകോവിലും ആര്യങ്കാവുമായി മാറി എന്നും പറയപ്പെടുന്നു.