തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വീട്ടിൽ എത്താൻ വൈകുമെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ലാതായതോടെയാണ് കുടുംബം തിരൂർ പൊലീസിൽ പരാതി നൽകിയത്.
കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടുംബം തിരൂർ പോലീസിൽ പരാതി നൽകി.
രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്ന് കാണിച്ചത്.ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം.
പി ബി ചാലിബ് വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ലെന്ന് ബന്ധു പ്രദീപ് കുമാർ പറഞ്ഞു. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഒരു സർവേയ്ക്ക് പോയതായി ഓഫീസിലുള്ളവർ പറഞ്ഞുവെന്നും അതുമായി ബന്ധപ്പെട്ടാണോ ഈ മിസ്സിംഗ് എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: tirur deputy tehsildar is missing