Television

‘ലക്ഷങ്ങൾ സമ്പാദിച്ചിട്ടല്ല സുധി ഈ ലോകത്ത് നിന്ന് പോയത്; അതിനാൽ മുമ്പിലുള്ള അവസരങ്ങൾ അവൾ പ്രയോജനപ്പെടുത്തുന്നു’ | kollam sudhi

തന്റെ മനസ് മനസിലാക്കിയിട്ടെന്നപോലെ ഒരാൾ കുറിച്ച കമന്റാണ് രേണു ഷെയർ ചെയ്തത്

കൊല്ലം സുധിയുടെ വിയോ​ഗം ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്പ്പമം​ഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഭാര്യ രേണുവും മക്കളും. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും രേണു സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കിടാറുണ്ട്.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു ഇത്രത്തോളം ശ്രദ്ധ നേടി തുടങ്ങിയത്. സുധിയുടെ ശേഷം ഇൻസ്റ്റഗ്രാമിൽ രേണു സജീവമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. സമൂഹ​മാധ്യമങ്ങൾ മൂലം അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നൊരാൾ അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണുവാണ്.

ഭർത്താവ് മരിച്ചൊരു സ്ത്രീ ഇത്രയധികം അഭിമുഖങ്ങൾ കൊടുത്ത് ലൈം ലൈറ്റിൽ നിൽക്കേണ്ട കാര്യമുണ്ടോയെന്ന തരത്തിലാണ് രേണുവിന് വരുന്ന വിമർശനങ്ങൾ ഏറെയും. റീൽ ചെയ്ത് പങ്കുവെക്കുന്നതും ബ്രൈഡൽ മേക്കോവർ ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയതിനുമെല്ലാം രേണുവിനെ ഒട്ടനവധി പേർ വിമർശിച്ചിരുന്നു.

സുധിയോടുള്ള ജനങ്ങളുടെ സ്നേഹം രേണു മുതലെടുക്കുന്നുവെന്ന തരത്തിൽ വരെ വിമർശനമുയരുന്നുണ്ട്. പലപ്പോഴായി ഇതിനെല്ലാമുള്ള വിശദീകരണം രേണു മാധ്യമങ്ങൾ വഴി നൽകിയിരുന്നു. എന്നിട്ടും സൈബർ ആക്രമണത്തിന് കുറവ് വന്നിട്ടില്ല. തന്നെ കുറിച്ച് വരുന്ന കമന്റുകളെല്ലാം ശ്രദ്ധിക്കാറുള്ള രേണു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കിട്ടൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ മനസ് മനസിലാക്കിയിട്ടെന്നപോലെ ഒരാൾ കുറിച്ച കമന്റാണ് രേണു ഷെയർ ചെയ്തത്. ആ കമന്റ് ഇങ്ങനെയായിരുന്നു… അധികം വിദ്യാഭ്യാസമോ ലോക പരിചയമോ ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി അവളുടെ ജീവിതത്തിലെ ദുരന്തത്തെ പുഞ്ചിരിയോടെ നേരിട്ടപ്പോൾ മലയാളികൾക്ക് തീരെ ദഹിക്കുന്നില്ല. പിന്നെ അഭിമുഖങ്ങൾ നൽകുന്നത് അവളുടെ വരുമാനമാർഗമാണ്.

ലക്ഷങ്ങൾ സമ്പാദിച്ചിട്ടല്ല അവളുടെ ഭർത്താവ് ഈ ലോകത്ത് നിന്ന് പോയത്. അതിനാൽ അവളുടെ മുമ്പിലുള്ള അവസരങ്ങൾ അവൾ പ്രയോജനപ്പെടുത്തുന്നു. പിന്നെ അവളുടെ ഭർത്താവിന്റെ പേര് ഉപയോഗിക്കാനുള്ള സർവ്വ സ്വാതന്ത്യവും അവൾക്കുണ്ട് എന്നായിരുന്നു ആ കമന്റ്. കമന്റ് പങ്കിട്ട് രേണു കുറിച്ചത് ഇങ്ങനെയാണ്… എന്നെ കുറിച്ച് ഫേസ്ബുക്കിൽ വന്നൊരു കമന്റാണിത്. ആരാണ് ഇട്ടതെന്ന് അറിയില്ല. പക്ഷെ എന്നെ അവർക്ക് നന്നായി അറിയാം… കാരണം അവർ എഴുതിയതെല്ലാം ശരിയാണ്.

ഒരുപാട് നന്ദി എന്നാണ് രേണു കുറിച്ചത്. രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള പേജാണ് രേണുവിന്റേത്. ഇൻസ്റ്റ​ഗ്രാമിൽ രേണു റീൽ വീഡിയോ പങ്കുവെക്കുമ്പോഴാണ് ഏറ്റവും കൂടുതൽ വിമർശനം വരാറുള്ളത്. അടുത്തിടെ ബ്രൈഡൽ മേക്കോവർ ചെയ്തതിന്റെ ചിത്രങ്ങൾ താരപത്നി പങ്കിട്ടപ്പോൾ അതിന് വന്നൊരു കമന്റ് ഭർത്താവിന്റെ മരണം വിറ്റ് ജീവിക്കുന്നവളെന്നാണ്.

വിമർശനങ്ങൾ പെരുകുമ്പോഴും രേണുവിനെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മക്കളായ കിച്ചുവും റിതുലുമാണ്. സുധിയുടെ വഴിയെ രേണുവും ഇപ്പോൾ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. നാടകങ്ങളിലാണ് രേണു സജീവം. രേണു വൈകാതെ മറ്റൊരാളെ വിവാഹം ചെയ്യുമെന്ന് ​കഴമ്പില്ലാത്ത വാർത്തകൾ പ്രചരിക്കുമ്പോഴും സുധിയെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് തനിക്ക് കാണാൻ കഴിയില്ലെന്ന് രേണു തറപ്പിച്ച് പറയുന്നു.

തനിക്ക് സുധിയുമായുള്ള സ്നേഹത്തിന്റെ ആഴം അറിയാവുന്നതുകൊണ്ട് മാതാപിതാക്കൾ മറ്റൊരു വിവാഹത്തിന് തന്നെ നിർബന്ധിക്കാറില്ലെന്നും രേണു അടുത്തിടെ വ്യക്തമാക്കി. രണ്ട് മാസം മുമ്പാണ് രേണുവിനും മക്കൾക്കുമായി പുതിയ വീട് ഒരു സമൂഹ മാധ്യമ കൂട്ടായ്മ പണിത് നൽകിയത്. മക്കളുടെ പഠന ചിലവ് ഫ്ലവേഴ്സ് ചാനലാണ് വഹിക്കുന്നത്.

content highlight: kollam-sudhis-wife-renu-praised-follower