തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ള്‍ പൊലീസിന് മറുപടി നൽകി. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു.
ഗോപാലകൃഷ്ണൻ പ്ലേ സ്റ്റോറിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ ഫോണിൽ വേറെ ഐപി അഡ്രസ് ഉപയോഗിച്ച് ഇടപെടൽ നടന്നിട്ടില്ലെന്നും കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്ക് ഫോറൻസിക് പരിശോധനാ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. ഇന്ന് ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളുടെയും ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കും. ലഭിച്ചാൽ ഉടൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് കൈമാറും.