Travel

കോവളം ബീച്ചിലേക്ക് ഒരു യാത്ര പോകാം… ഒരു ദിവസവം കൊണ്ട് കണ്ടു തീരാത്തത്ര കാഴ്ചകള്‍

ദൈവത്തിന്റെ സ്വന്തം നാടായ കോരളത്തിലെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തുള്ള കോവളം ബീച്ചിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇനി കോവളം ബീച്ചിലേക്കുള്ള യാത്ര പോകുമ്പോള്‍ കോവളം എന്ന സ്ഥലം മുഴുവനും ചുറ്റണം. എന്നാല്‍ മാത്രമേ കോവളം ബീച്ചിനു പിന്നില്‍ ഇത്രയും മനോഹരമായ കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ. ഒരു ദിവസം കൊണ്ട് കണ്ടുതീര്‍ക്കാന്‍ കഴിയാത്തത്ര കാഴ്ചകള്‍ ഇവിടെയുണ്ട്. കോവളത്തെ ഹൗവാ ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച് തുടങ്ങിയ ബീച്ചുകള്‍ ഏറേ ജനപ്രിയമേറിയ ബീച്ചുകളാണ്.

വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം, വെള്ളയാനിയിലെ തടാകം തുടങ്ങിയവയൊക്കെ കോവളത്ത് എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിപ്പിക്കുന്നവയാണ്. തിരുവനന്തപുരത്ത് നിന്ന് ആദ്യം വെള്ളയാണി ലേക്കിലേക്ക് പോകണം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് വെള്ളയാണി. ഇവിടെയാണ് കാര്‍ഷിക സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. കോവളത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം ഇവിടുത്തെ തടാകമാണ്. കടലിനടുത്തുള്ള തടാകമാണെങ്കിലും ശുദ്ധജല തടാകമാണ് ഇത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.

ചൊവ്വാര മത്സ്യബന്ധന ഗ്രാമത്തിലേക്കാണ് അടുത്തതായി പോകേണ്ടത്. വെള്ളയാണിയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമുണ്ട്. വിഴിഞ്ഞത്തിന്റെ തെക്കേ അറ്റത്താണ് ഈ കടലോര ഗ്രാമം. കടല്‍ത്തീരം മനോഹരമായ വെളളമണല്‍ വിരിച്ച നെടുനീളന്‍ കടല്‍ത്തീരമാണ് ചൊവ്വരയിലെ പ്രധാന ആകര്‍ഷണം. ചൊവ്വര ബീച്ചിന് സമീപത്തുള്ള മറ്റൊരു നീളന്‍ ബീച്ചാണ് അഴിമലത്തുറ. സ്‌കൂട്ടറിലും നടന്നും ആളുകള്‍ക്ക് ഈ ബീച്ച് ചുറ്റിക്കാണാം. ചൊവ്വരയില്‍ നിന്ന് വിഴിഞ്ഞത്തേക്ക്. അവിടെയാണ് പ്രശസ്തമായ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച. ഗുഹകളിലൊന്നില്‍ ശിവന്റെയും പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത രൂപങ്ങളും കാണാം.

വിഴിഞ്ഞത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ലൈറ്റ് ഹൗസ് ബീച്ച്. കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. ചെറിയ ഒരു കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. ലൈറ്റ് ഹൗസ് ബീച്ചില്‍ നിന്ന് ഹൗവ്വാ ബീച്ചിലേക്ക് വേണമെങ്കില്‍ നടന്നു പോകാം. ലൈറ്റ്ഹൗസ് ബീച്ചിലെ തിരക്കും ബഹളങ്ങളും ഇഷ്ടമാകാത്തവര്‍ക്ക് സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ സാധിക്കും ഹവ്വാ ബീച്ചില്‍. കോവളത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ശംഖുമുഖം ബീച്ച് സ്ഥിതി ചെയ്യുന്നത്. അവിടെ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച മത്സ്യകന്യക എന്ന ശില്‍പവും ഏറേ പ്രശസ്തമാണ്. വൈകുന്നേരം സൂര്യാസ്തമയവും കാണാം. അവിടെ നിന്ന് 5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വേളിയിലെത്തും. കടലും കായലും ചേര്‍ന്നു കിടക്കുന്ന സ്ഥലം കാണാം. വേളി ബീച്ചില്‍ കയറണമെങ്കില്‍ ആറുമണിക്ക് മുന്നെ അവിടെ എത്തണം.

Tags: TRAVEL