മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. താരത്തിന്റെ കുടുംബവിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ്ഗോപി സിനിമയിലേക്ക് എത്തുന്നുയെന്നത്. സിനിമയിലേക്ക് എന്നുപറയുമ്പോള്‍ അഭിനയത്തിലേക്കല്ല, പിന്നണിഗായികയായിട്ടാണ് രാധിക എത്തിയിരിക്കുന്നത്. ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക ഒരു ഗായിക കൂടിയാണ്. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയില്‍ പങ്കെടുക്കുന്ന രാധികയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലത്തെ സംഗീതമോഹം പൊടിതട്ടിയെടുക്കാന്‍ പ്രേരണയായത് ഉറ്റസുഹൃത്തും നടിയുമായ ആനിയാണ്.
ആനിയുടെയും ഷാജി കൈലാസിന്റെയും മൂത്തമകന് ഉണ്ണി എന്ന് വിളിക്കുന്ന ജഗന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാധിക ഗാനം ആലപിക്കുന്നത്. ‘എന്റെ കുഞ്ഞല്ലേ അവനും. അവന്റെ സിനിമയില്‍ പാടുന്നത് ഒരു പ്രാര്‍ത്ഥന പോലെയാണ്…’ രാധിക പറഞ്ഞു. ‘മാരിവില്ലിനരികെ കൂടുവച്ച കിളിയേ…മനസില്‍ പൊഴിയും പ്രണയരാമഴ….’എന്ന ഗാനത്തിന്റെ റെക്കാഡിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.
ചിത്രത്തിന് പേരിട്ടിട്ടില്ല. സ്കൂളില്‍ പഠിക്കുമ്ബോള്‍ എം.ജി. രാധാകൃഷ്ണന് സംഗീതം ചെയ്ത ഒരു ആല്‍ബത്തില്‍ രാധിക പാടിയിട്ടുണ്ട്. പിന്നീട് വേദികളില്‍ പാടിയിട്ടുണ്ടെങ്കിലും സിനിമാഗാനം ആലപിക്കുന്നത് ആദ്യമായാണ്. ‘നീണ്ട ബ്രേക്കിനുശേഷം പാടുമ്ബോള്‍ ആദ്യം പരിഭ്രമം ഉണ്ടായിരുന്നു. ഞാന്‍ ചിത്രയെന്ന് വിളിക്കുന്ന ആനിയാണ് ആത്മവിശ്വാസം പകര്‍ന്നത്.’- രാധിക പറഞ്ഞു. രണ്ടു കുടുംബങ്ങളും പണ്ടുമുതല്ക്കേ വലിയ ആത്മബന്ധമാണ്.
‘എന്നെക്കൊണ്ട് സിനിമയില്‍ പാടിക്കുമെന്ന് ചിത്ര (ആനി) പണ്ടേ പറയുമായിരുന്നു…അത് കേട്ടതോടെ ഉണ്ണിക്കും ആഗ്രഹമായി. ഇപ്പോള്‍ ആ മോഹം സഫലമായി. ഉണ്ണി ഞങ്ങളുടെ അനുഗ്രഹമാണ്.’ രാധിക പറഞ്ഞു. സിനിമയില്‍ തുടര്‍ന്നും പാട്ടുകള്‍ പാടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മനു രഞ്ജിത്താണ് പാട്ടിന് വരികളെഴുതിയത്. രഞ്ജന്‍ രാജാണ് സംഗീതം. രഞ്ജി പണിക്കര്‍, സിജു വില്‍സണ്‍, ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പാട്ട് താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി റെക്കാഡ് ചെയ്യാന്‍ കഴിഞ്ഞെന്ന് സംവിധായകന് ജഗന് പറഞ്ഞു.