ഇന്തോനേഷ്യൻ പരമ്പരാഗത ഭക്ഷണപദാർഥമായ കെഡലിയിൽ നിന്നാണ് നമ്മുടെ പ്രിയപ്പെട്ട ഇഡലിയുണ്ടായതെന്നാണ് ഭക്ഷണചരിത്രകാരന്മാരുടെ വാദം. എന്നാൽ അങ്ങനെയല്ല തെക്കേഇന്ത്യയിലെത്തി ഇഡലി കഴിച്ച് ഇഷ്ടപ്പെട്ട ഇന്തോനേഷ്യൻ മഹാരാജാവ് അവിടെ ഇഡലിയുടെ രുചിക്കൂട്ട് മാറ്റി കെഡലിയായി അവതരിപ്പിച്ചെന്നാണ് മറ്റൊരു കഥ. കഥകൾ എന്തുതന്നെ ആയാലും ഇഡലിയേക്കാൾ പോഷകസമ്പുഷ്ടമാണ് കെഡലി. ഉഴുന്നിന് പകരം സോയാബീനാണ് കെഡലിയിൽ ഉപയോഗിക്കുന്നത്. രണ്ട് ഗ്ലാസ് അരിക്ക് മുക്കാൽ ഗ്ലാസ് സോയാബീൻ എന്നതാണ് അളവ്. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് എട്ട് മണിക്കൂർ കുതിർത്തെടുക്കണം. അരച്ചെടുത്ത മാവ് പുളിപ്പിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം വയലറ്റ് കാബേജിന്റെ നീരും ആവശ്യമായ ഉപ്പ്കൂടി ചേർത്താൽ മാവ് തയ്യാറായിക്കഴിഞ്ഞു. സാധാരണ ഇഡലിത്തട്ടിലോ അല്ലെങ്കിൽ ഒരു വാഴയിലയിൽ കുമ്പിൾ കുത്തി അതിലേക്ക് ഒഴിച്ചോ ആവിയിൽ വേവിച്ച് എടുക്കാം. മികച്ച പ്രോട്ടീൻ സ്രോതസാണ് സോയാബീൻ അടങ്ങിയ ഈ കെഡലി.
സോയാബീൻ എന്നത് ചിത്രത്തിൽ കാണിച്ച പരിപ്പ്പോലെയുള്ള വസ്തുവാണ്. ചിലരെങ്കിലും തെറ്റിദ്ധരിച്ച് സോയാചങ്ക്സ് വെച്ച് കെഡലിയുണ്ടാക്കി പണിപാളിയിട്ടുണ്ട്.