Travel

പ്രകൃതിയും ചരിത്രവും ഒന്നിക്കുന്ന ഇടം , കലശമല

തൃശൂർ കുന്നംകുളം അക്കിക്കാവിന് അടുത്താണ് കല്ലായിക്കുന്ന്, അഥവാ കലശമല. അകത്തിയൂർ, നരിമട എന്നീ പേരുകളിലും കലശമല അറിയപ്പെടുന്നുണ്ട്. പൊന്തൻമാട, ഇതിഹാസ, ഹൗ ഓൾഡ് ആർ യു, തൂവാനത്തുമ്പികൾ തുടങ്ങി നിരവധി സിനിമകൾ ചിത്രീകരിച്ചത് ഇവിടെ നിന്നാണ്. കലശമലയെന്നാണ് ഈ സ്ഥലത്തിനു ഔദ്യോഗിക നാമം. 2019 ഡിസംബര്‍ 27 നാണ് കലശമല ടൂറിസം കേന്ദ്രം അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു. കുട്ടികൾക്കായുള്ള പാര്‍ക്ക്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന മൂന്ന് വ്യൂ പോയിന്റുകള്‍ എന്നിവ കൂടാതെ പ്രാചീന കാലത്ത് സന്യാസിമാര്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്ന നരിമടഗുഹ, പ്രകൃതിജന്യ നീര്‍ച്ചോല, മനോഹരമായ ക്ഷേതരം തുടങ്ങിയവയും ഇവിടെയുണ്ട്.

കലശമലയെക്കുറിച്ച് ചിലപ്പോൾ നിങ്ങൾ കേട്ടിട്ടില്ലെങ്കിലും. ദൃശ്യമനോഹാരിത ഭംഗിയാൽ നിങ്ങൾ ധാരാളം കണ്ടിട്ടുണ്ടാകും ഇവിടം. ആലപ്പുഴയും കുട്ടനാടുമൊക്കെ കഴിഞ്ഞാൽ മലയാള സിനിമാലോകത്ത് ഒരു ഗ്രാമ ഭംഗിയുടെ ചാരുതയാൽ നിറഞ്ഞുനിന്നിട്ടുണ്ട് കലശമല. സീരിയൽ, കല്യാണ ആൽബങ്ങൾ, ഫോട്ടോ ഷൂട്ടിംഗ് ലൊക്കേഷനുകൾക്ക് സെറ്റിട്ട വേറെ ഇടം കാണാൻ ചിലപ്പോൾ സാധിക്കില്ല. ഒരിക്കലെങ്കിലും കലശമലയിലെത്തിയാൽ ഇവിടുത്തെ പച്ചപ്പും, ശുദ്ധജലവും, നരിമടയും, കാറ്റും എല്ലാം നിങ്ങൾക്ക് പ്രിയപ്പെട്ടതാകും.