Movie News

കുട്ടിക്കൂട്ടത്തിനൊപ്പം മോഹന്‍ലാല്‍; തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത്. തുടരും എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്കൂട്ടത്തിനൊപ്പം കളിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. ഷര്‍ട്ടും മുണ്ടും ധരിച്ച് നാടന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കറുത്ത അമ്പാസിഡര്‍ കാറും പോസ്റ്ററിലുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.

പ്രഖ്യാപിച്ചതു മുതല്‍ ആരാധകരുടെ മനം കവര്‍ന്ന ചിത്രമാണ് ഇത്. താല്‍ക്കാലികമായി എല്‍ 360 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരുന്നത്. കെആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷെഫീഖ് വിബി എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.