വനിതാ ജീവനക്കാരിയെ ‘മറുത’ എന്നു വിളിച്ച് ഡയറക്ടർ അധിക്ഷേപിച്ചെന്ന് ആരോപിച്ചു സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിൽ ‘ഊമക്കത്ത്’ വിവാദം. ‘ഇരുണ്ടകാലം’ എന്ന പേരിലുള്ള കത്താണു ജില്ലാ ഓഫിസുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. കത്തു വിവാദം പുകയുന്നതിനിടെ, ഊമക്കത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ നടന്നിട്ടില്ലെന്നു ഡയറക്ടർ നിർബന്ധപൂർവം എഴുതി വാങ്ങിച്ചെന്നു ഡപ്യൂട്ടി ഡയറക്ടർ സിപിഎം അനുകൂല സംഘടനയ്ക്കു പരാതി നൽകിയതോടെ വിഷയം ചർച്ചയാകുകയാണ്. കത്തിന്റെ ഉറവിടത്തെക്കുറിച്ചു വകുപ്പ് അന്വേഷണം തുടങ്ങി.
എറണാകുളത്ത് മൂന്നാഴ്ച മുൻപു നടന്ന വകുപ്പുതല യോഗത്തിൽ പങ്കെടുക്കുന്നതിനിടെ സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പ് ഡയറക്ടർ ഒരു വനിതാ ജീവനക്കാരിയെ മറുത എന്നു വിളിച്ച് അധിക്ഷേപിച്ചെന്നാണു ആരോപണം. ഇതിനു തൊട്ടുപിന്നാലെയാണു കഴിഞ്ഞ ദിവസങ്ങളിൽ വകുപ്പിന്റെ ജില്ലാ ഓഫിസുകളിൽ ഊമക്കത്ത് പ്രചരിച്ചത്. വകുപ്പിലെ മറ്റൊരു ജീവനക്കാരിയെ ഡയറക്ടർ, കാണ്ടാമൃഗത്തോട് ഉപമിച്ചെന്നും ഊമക്കത്തിൽ പറയുന്നു.
ഡയറക്ടറുടെ പരാമർശത്തിനെതിരെ ഒരു വിഭാഗം ജീവനക്കാർ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിക്കു പരാതി നൽകി. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും വകുപ്പിലെ പരിഷ്കാരങ്ങൾ കർശനമാക്കിയതിനാലാണ് വ്യാജ പരാതികളെന്നും ഡയറക്ടർ ബി.ശ്രീകുമാർ പറഞ്ഞു. ഡയറക്ടർക്കെതിരെ ഇതിനു മുൻപും വനിതാ ജീവനക്കാരിൽനിന്നു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.ഷാജഹാൻ പറഞ്ഞു.
STORY HIGHLIGHT: anonymous letter department of economics controversy