ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷണം നിയന്ത്രിച്ച് എങ്ങനെ വന്ന പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താം എന്ന് നോക്കാം. മധുരപലഹാരങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. മലയാളികൾക്ക് പൊതുവേ അരി ഭക്ഷണമുണ്ടെങ്കിലേ വിശപ്പ് മാറൂ. എന്നാൽ പ്രമേഹ രോഗികൾ ആ ശീലം മാറ്റിവെക്കുന്നതാണ് നല്ലത്. അരിയിലെ ഗ്ലൈസെമിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. അതിനാൽ നിർബന്ധമാണെങ്കിൽ മാത്രം ഒരു നേരം അരി ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്. മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. പകരമായി ഗോതമ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങാണ് പ്രമേഹ രോഗികൾക്ക് മുന്നിൽ മറ്റൊരു വില്ലൻ. സാധാരണയായി പല ഭക്ഷണങ്ങളിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. പക്ഷെ അന്നജത്തിന്റെ അളവ് കൂടിയതിനാൽ ഉരുളക്കിഴങ്ങും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പഴങ്ങൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധവേണം. മാങ്ങ, ചക്കപ്പഴം, മുന്തിരി, ആപ്പിൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. പകരം പഞ്ചസാരയുടെ അംശം കുറവുള്ള പപ്പായയോ പേരക്കയോ പോലുള്ള പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ദിക്കുക.