Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂർ നീട്ടി – darshan hours extended at guruvayur temple

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ​ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

STORY HIGHLIGHT: darshan hours extended at guruvayur temple