Kerala

നടപടി നിയമവിരുദ്ധം; നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സാന്ദ്ര തോമസ് കോടതിയിൽ – sandra thomas approaches court

നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ എറണാകുളം ജില്ലാ സബ് കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ആൻ്റോ ജോസഫ് അടക്കം പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും പുറത്താക്കപ്പെട്ട ശേഷം സാന്ദ്ര റിപോർട്ടറിനോട് പറഞ്ഞിരുന്നു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തിരുന്നു.

പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും, കൂടാതെ അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

STORY HIGHLIGHT: sandra thomas approaches court