ജമ്മു-കശ്മീരിലെ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിനു (ടിആർസി) സമീപം തിരക്കേറിയ ചന്തയിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഭീകരരും കൂട്ടാളികളും ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഞായറാഴ്ച ചന്തയിലുണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.
ശ്രീനഗർ സ്വദേശികളായ ഉസാമ യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണ് അറിസ്റ്റിലായതെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ വി.കെ ബിർദി അറിയിച്ചു. പ്രതികൾക്കെതിരെ ‘യുഎപിഎ’ നിയമ പ്രകാരം കേസെടുത്തു. പാകിസ്ഥാനിൽ നിന്നുള്ള ഭീകരനേതാക്കളുടെ നിർദേശാനുസാരണം പ്രദേശത്തെ സമാധാനം തകർക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
നവംബര്‍ മൂന്നിന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ചന്തയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ലക്ഷ്യം തെറ്റുകയും, തെരുവ് കച്ചവടക്കാരുടെ വണ്ടിയിൽ തട്ടി സമീപത്തുണ്ടായിരുന്ന 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടിആർസി മുതൽ ലാൽ ചൗക്ക് വരെയുള്ള റസിഡൻസി റോഡിലായാണ് ശ്രീനഗറിലെ തിരക്കേറിയ ഞയറാഴ്ച മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടെ ശ്രീനഗറിൽ നടക്കുന്ന ആദ്യ ഗ്രനേഡ് സ്ഫോടനമാണിത്.
STORY HIGHLIGHT : 3 Terrorists Arrested For Srinagar Grenade Attack