നാലുമണി ചായക്ക് രുചികരമായി എന്തെങ്കിലും കിട്ടിയാൽ ഹാപ്പി ആയി അല്ലെ? വളരെ എളുപ്പത്തിൽ രുചികരമായ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? ഒരു അറബിക് വിഭവം, മുർത്തബക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- എണ്ണ
- സവാള -രണ്ടെണ്ണം
- ക്യാപ്സിക്കം -ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി -അര ടേബിൾ സ്പൂൺ
- മല്ലിയില
- ഉപ്പ്
- കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ
- മുളകുപൊടി -കാൽ ടീസ്പൂൺ
- ഗരം മസാല -കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കഷണങ്ങൾ മിക്സി ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് മാറ്റിവയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം, നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റി എടുക്കാം ,ഇതിലേക്ക് ക്യാപ്സിക്കം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം. ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം ,ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കണം. ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടെ വേവിക്കാം, ശേഷം ഫ്ലെയിം ഓഫ് ചെയ്യാം.
മുർത്തബക്കിനുള്ള ചേരുവകൾ
- മൈദ -രണ്ട് കപ്പ്
- ഉപ്പ്
- ചെറു ചൂട് വെള്ളം
- എണ്ണ
- ഫില്ലിംഗ് തയ്യാറാക്കാൻ
- കോമൺ ചിക്കൻ ഫില്ലിംഗ്
- മുട്ട -രണ്ട്
- ചില്ലി ഫ്ലേക്ക്സ്
- ഉപ്പ്
- സവാള ,തക്കാളി ,ക്യാപ്സിക്കം കറിവേപ്പിലഎന്നിവ നന്നായി ചോപ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്തു ആവശ്യത്തിന് ഉപ്പും, എണ്ണയും, വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുത്തതിനുശേഷം മാറ്റിവയ്ക്കാം. മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഉപ്പും, ചില്ലി ഫ്ലേക്ക്‌സും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ക്യാപ്സിക്കവും കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സ് പകുതി ചേർത്ത് കൊടുക്കണം. വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം. മാറ്റി വച്ചിരിക്കുന്ന മൈദയിൽ നിന്നും കുറച്ച് എടുത്തു നല്ലതുപോലെ പരത്തി എടുക്കാം ഇതിനു നടുവിലായി മുട്ട മിക്സ് വെച്ചു കൊടുക്കണം. ശേഷം നാലു വശത്തുനിന്നും സ്ക്വയർ ഷേപ്പിൽ മടക്കി എടുക്കാം. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം പാനിൽ അൽപം എണ്ണ പുരട്ടി ഇതെല്ലാം ചുട്ടെടുക്കാം.