ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കള്ളൻ പൊലീസ് പിടിയിലായി. ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമനാണ് (36) പൊലീസ് പിടിയിലായത്. മോഷണമുതൽ ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം.
കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ, ഡി.വി.ആർ, മറ്റു സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും നിലവിലുണ്ട്. മോഷണത്തിന് ശേഷം ഇയാൾ പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂരിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണരീതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.