കേന്ദ്രത്തില്‍ നിന്നും ഇതുവരെയും വയനാട് ദുരന്തത്തിന് സഹായം ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുണ്ടക്കൈ – ചൂരല്‍മലയില്‍
ദുരിത ബാധിതര്‍ക്ക് പഴയ സാധനങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി വയനാട് എത്തിയപ്പോള്‍ നേരിട്ട് നിവേദനം നല്കി. ഡല്‍ഹിയില്‍ പോയി നിവേദനം നല്കി. മന്ത്രിസഭ ഓര്‍മിപ്പിച്ചു. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പക്ഷേ സഹായം മാത്രം ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങള്‍ വലിയ ആശങ്കയിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര സഹായം എന്തുകൊണ്ടാണ് ഇങ്ങനെ വൈകുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ചില സംസ്ഥാനങ്ങളില്‍ കേന്ദ്രസഹായം എത്തി. അത് നല്ല കാര്യമാണ് അതിന് എതിരല്ല. പക്ഷേ ആ കൂട്ടത്തില്‍ കേരളം പെട്ടില്ല. എന്തുകൊണ്ട് കേരളം അതില്‍ പെട്ടില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാല്‍ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എത്ര ധനസഹായം കേരളത്തിനു നല്കി എന്ന ചോദ്യത്തിന് കൃത്യമായി മറുപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസിന് നല്കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മറുപടി നല്‍കിയിരിക്കുന്നത്. കേന്ദ്രം നല്കിയ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ പക്കലുണ്ടാകുമെന്നും വിവരങ്ങള്‍ അവിടെ ചോദിക്കുന്നതാണ് ഉചിതമെന്നും മറുപടിയില്‍ പറയുന്നു. ദുരന്തത്തില്‍ ഇതുവരെ കേന്ദ്രസഹായം ലഭിക്കാത്തത് സംബന്ധിച്ചുള്ള പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് ഇത്തരം ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്നാണ് ദുരന്തബാധിതര്‍ക്ക് ആദ്യം സഹായം നല്‍കുക. ഗുരുതര സ്വഭാവമുള്ള ദുരന്തമാണെങ്കില്‍ പിന്നീട് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡആര്‍എഫ്) നിന്നും സഹായം അനുവദിക്കും. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും ഈ സഹായം ലഭ്യമാക്കുക.
എസ്ഡിആര്‍എഫില്‍നിന്നും എന്ഡിആര്എഫില്നിന്നും നഷ്ടപരിഹാരം എന്ന നിലയ്ക്കല്ല, സഹായം എന്ന നിലയിലാണ് പണം നല്‍കുന്നത്. ഇപ്പോഴത്തെ നയം അനുസരിച്ച് ദുരന്തത്തിന് പ്രത്യേക പാക്കേജ് നല്കാന് മാനദണ്ഡമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.251 പേര് മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 3 മാസം കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വയനാട്ടിലേതു തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖംതിരിക്കുകയാണ്.