Canadian Prime Minister Justin Trudeau has openly admitted that there are Khalistan terrorists in Canada
കാനഡയില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ- കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെയാണ് രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ തുറന്നു സമ്മതിച്ചിരിക്കുന്നത്. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാന്‍ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമര്‍ശം.
”കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ല.”-ട്രൂഡോ പറഞ്ഞു.2023ല്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ക്ഷേത്രങ്ങള്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായി.
ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍ പതാകയുമേന്തി വന്നവര്‍ ക്ഷേത്രപരിസരത്തേക്ക് അതിക്രമിച്ചു കയറി കണ്ണില്‍ക്കണ്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം മര്‍ദനമേറ്റു. ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആക്രമണത്തില്‍ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യന്‍ ഹൈക്കമിഷന്‍ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ക്ഷേത്ര ക്ഷേത്ര പരിസരത്തെ ക്യാംപ് നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.