വിദ്യാര്‍ഥിനിയെ ഫ്ലാറ്റില്‍ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കോച്ചിങ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷാര്‍ഥിയായ പെണ്‍കുട്ടിയെയാണ് പാര്ട്ടിയുണ്ടെന്നും പറഞ്ഞ് ഫ്ലാറ്റില്‍ വിളിച്ചുവരുത്തി കോച്ചിങ് സെന്റര്‍ അധ്യാപകര്‍ പീഡിപ്പിച്ചത്. നീറ്റ് കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
നീറ്റ് പരീക്ഷാ പരിശീലനത്തിനായി 2022ലാണ് കുട്ടി കാന്‍പുരിലെത്തിയത്. കോച്ചിങ് സെന്ററിലെ അധ്യാപകനായിരുന്ന സഹില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി പാര്‍ട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ക്ഷണമനുസരിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന് കുട്ടിക്ക് മനസിലായത്. മദ്യപിച്ചെത്തിയ സഹില്‍ കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കുട്ടിയെ പലതവണ പീഡനത്തിനിരയാക്കുകയും ഫ്ലാറ്റില്‍ തടവില്‍ പാര്‍പ്പിച്ച് ബലം പ്രയോഗിച്ച് പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. അത്തരമൊരു പാര്‍ട്ടിക്കിടയിലാണ് വികാസ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
മറ്റൊരു കുട്ടിയെ സഹില്‍ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്താകുകയും ഏതാനും മാസം മുമ്പ് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയും പരാതി നല്‍കാനുള്ള ധൈര്യം കാട്ടിയത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിലായിരുന്ന സഹലിനെയും അറസ്റ്റു ചെയ്തതായി കാന്‍പുര്‍ പൊലീസ് പറഞ്ഞു.