ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും തഴുകി ഒഴുകുന്ന യമുനാ നദിയില്‍ മുങ്ങി നിവരുന്നതുപോലും പുണ്യമാണെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാല്‍ ആ യമുനയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയുമ്പോള്‍ പുണ്യമെന്നത് മാറി മഹാപാപം എന്ന് പറയേണ്ടിവരും. നദിയുടെ അവസ്ഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. മാലിന്യത്തില്‍ നുരഞ്ഞ് പതഞ്ഞാണ് നദിയുടെ ഒഴുക്ക്. കാഴ്ചയില്‍ തന്നെ ഭയമുളവാക്കുന്നരീതിയിലാണ് മാലിന്യം നദിയിലൂടെ ഒഴുകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ നൂറുകണക്കിന് ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും യമുനയിലേക്കാണെത്തുന്നത്. മാത്രമല്ല ഒട്ടേറെ ഡ്രൈനേജുകള്‍ തുറന്നിരിക്കുന്നതും നദിയിലേക്ക് തന്നെ. ഇതിനെതുടര്‍ന്ന് വെള്ളം ഇപ്പോള്‍ കറുത്ത നിറത്തിലാണ്. നദിയില്‍ രൂപപ്പെട്ട നുരയില് ഉയര്‍ന്ന അളവില്‍ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചര്‍മ്മ രോഗങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
പത, ഷാംപൂ ആണെന്ന് കരുതി ഈ ആന്റി മുടി കഴുകുന്നത് എങ്ങനെയെന്ന് നോക്ക് എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. യമുന നദിയില്‍ കട്ടിയുള്ള വിഷ പതയില്‍ മുടി കഴുകുന്ന സ്ത്രീകള്‍. ഇത് ദൈവത്തിന്റെ അത്ഭുതമാണെന്ന് ആരും വിശ്വസിക്കാന്‍ തുടങ്ങിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് വിഡിയോയില്‍ പറയുന്നു.
യമുനയിലെ വെള്ളം ഇപ്പോള്‍ കറുത്ത നിറത്തിലാണ്. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അളവറ്റ മാലിന്യം കാരണം യമുന പതഞ്ഞൊഴുകുകയാണ്. ഇതേക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നു.
യമുനയുടെ തീരങ്ങളില്‍ ബലിതര്‍പ്പണത്തിനായി ഒരുക്കിയിരിക്കുന്ന ഘട്ടുകളിലേക്ക് എത്തുന്നവര്‍ മലിനജലംകണ്ട് അതിലേക്ക് ഇറങ്ങാന്‍ പോലും ഭയപ്പെട്ട് മാറിനില്ക്കുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് അതൊന്നും വകവയ്ക്കാതെ യമുനയിലിറങ്ങി പിതൃതര്‍പ്പണം പൂര്‍ത്തിയാക്കുന്നത്. പിതൃപൂജ പൂര്‍ത്തീകരിക്കാനായി ജലത്തില്‍ മുങ്ങിയെഴുന്നേല്‍ക്കുന്നത് ആചാരമാണെങ്കിലും യമുനാ ജലത്തില്‍ കൈകൊണ്ട് സ്പര്‍ശിക്കാന്‍ പോലും സാധിക്കാനാവാത്തതിനാല് ആളുകള്‍ വലയുന്നുണ്ട്.
ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ യമുനയിലെ മലിനീകരണ നിരക്ക് ഇരട്ടിച്ചുവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പല കാലങ്ങളിലായി ഭരണതലത്തില്‍ നിന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും യമുനയിലെ മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരം കണ്ടെത്താനോ നദിയെ സംരക്ഷിക്കാനോ സാധിച്ചിട്ടില്ല.