സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ട്രയല്‍ റണ്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഫ്ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.
സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്വിറ്റ്സര്‍ലാന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേര്‍ന്നാണ് ഡി ഹാവ്ലാന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്.
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തില്‍തന്നെ ലാന്‍ഡിങ് നടത്താനും കഴിയുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറു വിമാനങ്ങളാണിത്.
ആന്ധ്രാപ്രദേശിയും വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനൊപ്പം ജലവിമാന സര്‍വീസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ശ്രീശൈലത്തിനും വിജയവാഡയ്ക്കും ഇടയിലായി ഇത് സംസ്ഥാനത്തെ ആദ്യത്തെ സീപ്ലെയിന്‍ ഓപ്പറേഷന് അടയാളപ്പെടുത്തി. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വേഗത്തിലുള്ള സര്‍വീസ് വിനോദസഞ്ചാരം ശ്രീശൈലത്തിലെ പുരാതന ശിവക്ഷേത്രം, ടൈഗര്‍ റിസര്‍വ്, ഐക്കണിക് അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും,’ വിജയവാഡയിലെ പ്രകാശം ബാരേജില്‍ നിന്ന് ശ്രീശൈലത്തിലേക്കുള്ള തന്റെ ഉദ്ഘാടന വിമാനത്തിന് ശേഷം നായിഡു ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.