കരുനാഗപ്പള്ളി അഴീക്കലില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. ഷിബുവിനൊപ്പം താമസിക്കുന്ന അഴീക്കല്‍ പുതുവല്‍ ഷൈജാമോള്‍ (41) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഷൈജയ്ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഷൈജാമോള്‍ താമസിക്കുന്ന വീട്ടില്‍ ഷിബു പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വാഗ്വാദം മൂര്‍ച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.
ആദ്യ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ഷൈജയും ഷിബു ചാക്കോയും ഏതാനും വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയായിരുന്നു. ഷിബുവിന്റെ പേരില്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസില്‍ ഷൈജയും ഷിബുവും ജയിലില്‍ ആയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴരയോടയാണ് ഇയാള്‍ ഷൈജ താമസിക്കുന്ന വീട്ടില്‍ തിരിച്ചെത്തുകയും ഷൈജയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തത്.
അതേസമയം തൃശ്ശൂരില്‍ വീടിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ക്ക് കുത്തേറ്റു. ഓഫീസര്‍ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്. തൃശൂര്‍ കാളത്തോട് സ്വദേശിയായ സുല്‍ഫിക്കര്‍ (50) ടെറസിന് മുകളില്‍ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ താഴെയിറക്കാനായി ഫയര്‍ഫോഴ്സ് സംഘമെത്തിയത്. സുല്‍ഫിക്കറിനെ കീഴ്പ്പെടുത്തതിനിടെ, കൈയില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു.