Kerala

മുനമ്പം സമരത്തിന് ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നു എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലില്‍ വരാനാവില്ലെന്നും ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമര്‍ശത്തിനായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മറുപടി.

മന്ത്രി പറയുന്നത് കേട്ട് ഈ ളോഹ ഊരി മാറ്റാന്‍ കഴിയുമോയെന്നും താന്‍ നില്‍ക്കുന്ന ആശയങ്ങള്‍ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘ഞങ്ങള്‍ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഒറ്റുകാരാകും’- അദ്ദേഹം പറഞ്ഞു.

മുനമ്പത്ത് നിരാഹാര സമരപ്പന്തലിലെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവര്‍ ഒറ്റയ്ക്കല്ലെന്നും സമരത്തില്‍ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാര്‍ സഭ ഒപ്പമുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സത്യഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല.

മുനമ്പത്തെ പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ എല്ലാത്തവണയും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം. ആയിരം കേന്ദ്രങ്ങളില്‍ ഞായറാഴ്ച കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തും.

ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രശ്നം പരിഹരിക്കണമെന്നും ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ടെന്നുമായിരുന്നു വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സഭയെന്നതിനേക്കാള്‍ ഇത് മനുഷ്യരുടെ പ്രശ്നമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണമെന്നും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.