വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ട പ്രചാരണത്തിലാണ് മുന്നണികള്‍. രണ്ടിടത്തും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്.
ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമായി പ്രചാരണം നടത്തും. മുതിര്‍ന്ന ബിജെപി നേതാക്കളും ചേലക്കരയില്‍ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തില്‍ ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.
പാലക്കാട് ട്രോളിയെങ്കില്‍, വയനാട്ടില്‍ കിറ്റ് വിവാദമാണ് പ്രധാന ചര്‍ച്ചാവിഷയം. പഴകിയ കിറ്റ് വിതരണം ചെയ്തതില്‍ ഇരുമുന്നണികളും ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, തെറ്റ് റവന്യുവകുപ്പിന്റെ ഭാഗത്താണെന്നാണ് യുഡിഎഫ്് തിരിച്ചടിക്കുന്നത്. റവന്യുവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് തെറ്റെന്ന് കാട്ടി എന്‍ഡിഎ സ്ഥാനാര്‍ഥി രമ്യാ ഹരിദാസും രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിലെ കത്തു വിവാദത്തിനിടെ, കെ മുരളീധരന് ഇന്ന് പാലക്കാട് പ്രചാരണത്തിനെത്തും. മേല്‍പ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുരളീധരന് പങ്കെടുത്തു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രചാരണത്തിനായി പാലക്കാട് മണ്ഡലത്തിലുണ്ട്.