Travel

സഞ്ചാരികളുടെ ‌ട്രക്കിങ്ങ് പറുദീസായായ വാഴ്വന്തോൾ വെള്ളച്ചാട്ടം

തിരുവനന്തപുരം ജില്ലയിൽ പേപ്പാറ വന്യജീവി സങ്കേതത്തിലാണ് വാഴ്‌വന്തോൾ വെള്ളച്ചാട്ടം. തിരുവനന്തപുരത്തുനിന്ന് 46 കിലോ മീറ്റർ മാറി വിതുരയ്ക്ക് സമീപമാണ് ഈ സുന്ദര വെള്ളച്ചാട്ടം. കാനനഭംഗിയിലെ ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു യാത്ര അനുഭവമാണ് ഓരോ വിനോദസഞ്ചാരിക്കും സമ്മാനിക്കുന്നത്. തിരുവനന്തപുരത്തെ സഞ്ചാരികളുടെ ‌ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയും അതിമനോഹരമാണ്. കാണിത്തറയിൽ നിന്നാണ് വാഴ്വന്തോൾ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്.  തോടയാറിന്റെ അരികിലൂടെയുള്ള യാത്ര പലർക്കും പുതിയൊരനുഭവം സമ്മാനിക്കും. ചിലന്തികളും പക്ഷികളും കുഞ്ഞ് ജീവജാലങ്ങളും സൈര്യവിഹാരം നടത്തുന്ന പ്രകൃതിയുടെ മായികലോകം.

കാണാൻ അതിമനോഹരമാണെങ്കിലും ശ്രദ്ധിക്കാതെയുള്ള യാത്ര ചിലപ്പോൾ അപകടം ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ ജൂൺ, ജൂലായ് മാസങ്ങളിലും ശക്തമായ മഴയുള്ളപ്പോഴും സഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താറുണ്ട്. സുരക്ഷാ മുൻകരുതൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പോലും വിലക്ക് മറികടന്നും ശ്രദ്ധിക്കാതെയുമുള്ള യാത്രമൂലും നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട് ഇവിടെ. കാഴ്ചകൾകാണാനും ആസ്വദിക്കാനും പോകുന്നവർ സ്വയം ശ്രദ്ധിക്കാനും കൂടെയുള്ളവരെക്കൂടി ശ്രദ്ധിക്കാനും മറന്നുപോകരുത്