ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കിഷ്ത്വറിലെ സംയുക്ത സിഐ ഓപ്പറേഷന്റെ ഭാഗമായിരുന്നു മരണപ്പെട്ട നായിബ് സുബേദാര്‍ രാകേഷ് കുമാറെന്ന് കരസേനയുടെ വൈറ്റ് നൈറ്റ് കോര്‍പ്പ് പ്രസ്ഥാവനയിലൂടെ ആറിയിച്ചു.
കഴിഞ്ഞ ദിവസം കേഷ്വാന് വനമേഖലയില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഈ സംഘത്തിനു നേരെയാണ് ഭീകരര്‍ വെടിവെച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി കിഷ്ത്വര്‍ മേഖലയിലെ, കുന്ത്വാരയിലും കേഷ്വാന് വനമേഖലയിലും തിരച്ചില്‍ നടക്കുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നാലോളം ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഞായറാഴ്ച രാവിലെ ശ്രീനഗറിലും ഏറ്റുമുട്ടലുണ്ടായി. ശ്രീനഗലെ സബര്‍വാന്‍ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനാ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
നവംബര്‍ 2 ന് കശ്മീരില്‍ രണ്ട് വ്യത്യസ്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളില്‍ ലഷ്കര്‍-ഇ-തൊയ്ബ (LeT) ‘കമാന്‍ഡര്‍’ ഉസ്മാന് ലഷ്കരി ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്കും രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കും ഓപ്പറേഷനില്‍ പരിക്കേറ്റു.നവംബര്‍ എട്ടിന് നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി . ‘കശ്മീര്‍ കടുവകള്‍’ എന്ന് വിളിക്കപ്പെടുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.