തിരുവനന്തപുരം ഗവ. എസ്.എം.വി സ്കൂളിന്റെ ഗേറ്റ് ദ്രുതഗതിയില്‍ മാറ്റുകയാണ്. ഒരു കേടുപാടും സംഭവിക്കാത്ത ഗേറ്റ് ദ്രുതഗതിയില്‍ മാറ്റുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴല്ലേ അധികൃതരുടെ കളികള്‍ പുറത്തുവരുന്നത്. സ്കൂളിന്റെ നേരെ എതിര്‍വശത്തായി ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നുണ്ട്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ചാണ് ഇപ്പോള്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുന്നത്.
പണികള്‍ തുടങ്ങിക്കഴിഞ്ഞ് ബാര്‍ ലൈസന്‍സിന് പോയപ്പോഴാണ് അധികൃതര്‍ പെട്ടത്. മുന്നില്‍ സ്കൂളുള്ള കാര്യം അപ്പോഴാണ് ഓര്‍ത്തത്. സ്കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളു. നിലവില്‍ സ്കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. അപ്പോഴാണ് പുതിയ ചിന്ത വന്നത്, മോഹന്‍ലാലിന്റെ ചതുരംഗം സിനിമയില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ട്. പക്ഷേ അത് സ്കൂളല്ല,പള്ളിയാണ്. പള്ളിയും ബാറും തമ്മിലുള്ള അകലം പാലിക്കാന്‍ അതില്‍ ഗേറ്റ് മാറ്റിസ്ഥാപിക്കുന്ന ഒരു രംഗമുണ്ട്. അത് പോലെയാണ് ഇവിടെ സ്കൂളിന്റെ മതില് പൊളിച്ച് പുറകിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.
ആരോപണമുയര്‍ന്നതോടെ ഇതിനെതിരേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുമുണ്ട്. ഇവര്‍ മുറവിളികൂട്ടിയിട്ട് എന്ത് കാര്യം? സര്‍ക്കാര്‍കാര്യം മുറപോലെ എന്ന് കേട്ടിട്ടില്ലേ, അതാണ് ഇവിടെ നടക്കുന്നത്. മതില് നിലനിര്‍ത്തിക്കൊണ്ട് ഗേറ്റ് മാത്രം ഉള്ളിലേക്ക് പണിയുന്നത് ദുരൂഹത ഉണര്‍ത്തുന്നതാണെന്നാണ് പൂര്‍വവിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഗേറ്റ് ഉള്ളിലേക്ക് മാറ്റണമെന്നും സ്കൂളിന് സഹായം നല്‍കാമെന്നും പറഞ്ഞുകൊണ്ട് ബാറുകാരുടെ ഇടനിലക്കാര്‍ സ്കൂള്‍ അധികൃതരെ നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപവുമുയരുന്നുണ്ട്.
നിലവില്‍ സ്കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍ ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന് ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തകൃതിയായി നടക്കുന്നത്.