Investigation

‘ എടോ ഗോപാലകൃഷ്ണാ’ എന്ന മുഖ്യമന്ത്രിയുടെ വിളി ഒന്നുകൂടെ ഓര്‍മ്മിക്കണം: ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ് ‘ക്രിയേറ്റര്‍’ ക്ക് എതിരേ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുമ്പോള്‍ (സ്‌പെഷ്യല്‍ സ്റ്റോറി)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്തെ വിഴുപ്പലക്കലും, മത ഗ്രൂപ്പ്ചിന്ത വളര്‍ത്തലുമൊക്കെ ഭരണ സ്തംഭത്തിലേക്ക് വഴി തെളിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പ്, പട്ടികജാതി വികസന വകുപ്പു ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് അഡിഷണല്‍ സെക്രട്ടറി എന്‍. പ്രശാന്തും കുറ്റക്കാരാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇനി മുഖ്യമന്ത്രിയുടേതാണ് തീരുമാനം.

സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാന്‍ പാകത്തിന് വളര്‍ന്ന ഐ.എ.എസ് പോര് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് സര്‍ക്കാരിനു പേരുദോഷം ഉണ്ടാക്കിക്കഴിഞ്ഞു. അതുകൊണ്ട് മുഖം നോക്കാതെ നടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ഇടതുപക്ഷം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനോട് പറയാനുള്ളത് ഇതു മാത്രമാണ്.

മുഖ്യമന്ത്രിയുടെ ഭാഷയില്‍ വിളിച്ചാല്‍, ‘എടോ ഗോപാലകൃഷ്ണാ’, ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’. ഓര്‍മ്മയുണ്ടോ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദേശ പഠനവുമായി ബന്ധപ്പെട്ട ഫണ്ട് നല്‍കാന്‍ മടികാണിച്ചപ്പോള്‍ മാസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങിയ പാവപ്പെട്ട 30 കുടുംബങ്ങളെ. അവരുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും വേദനയുടെയുമെല്ലാം ശിക്ഷയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അന്ന് ‘അന്വേഷണം’ നല്‍കിയ വാര്‍ത്തയ്കു ശേഷമാണ് ആ കുടുംബങ്ങള്‍ക്ക് ‘നീതി’ കിട്ടിയതെന്ന് മറന്നു പോകരുത്.

വാര്‍ത്ത വന്ന ശേഷം ഗോപാലകൃഷ്ണന്റെ നീക്കങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഫണ്ടുകള്‍ അനുവദിക്കുന്നതിലും, ഫയലുകള്‍ നീക്കുന്നതിലും ഉണ്ടായ ഉന്‍മേഷവും ആവേശവും പറയാതെ വയ്യ. അതുമാത്രമല്ല, നടപടി എടുപ്പിക്കാന്‍ പോന്ന വാര്‍ത്തയെ തമസ്‌ക്കരിക്കാന്‍ നടത്തിയ ‘വളഞ്ഞവഴി’യിലെ ഇടപെടലും മറക്കാറായിട്ടില്ല. ‘ഉപ്പു തിന്നവര്‍ ആരൊക്കെയായാലും വെള്ളം കുടിക്കുക’ തന്നെ ചെയ്യും എന്നേ പറയാനുള്ളൂ.

പട്ടികജാതിക്കാരെ മഹാത്മാഗാന്ധി വിളിച്ചതാണ് ‘ഹരിജന്‍’ എന്ന്. ദൈവത്തിന്റെ ജനം എന്നാണര്‍ത്ഥം. അവരോട് നീതി കാണിക്കാന്‍ അല്‍പ്പം വൈകിയാല്‍പ്പോലും വരമ്പത്ത് കൂലി കിട്ടുമെന്നുറപ്പാണ്. അതാണ് ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിലുള്ള വാട്‌സാപ്പ്ഗ്രൂപ്പുണ്ടാക്കി ഹിന്ദു ഉദ്യോഗസ്ഥരെ ഒരുമിപ്പിക്കാന്‍ നോക്കയപ്പോള്‍ പണി കിട്ടിയത്. എപ്പോഴും അധികാരത്തിന്റെ സിംഹാസനങ്ങളില്‍ ഇരുന്ന് ‘ഹരി ജനങ്ങളെ’ കൊഞ്ഞനം കുത്താമെന്ന് കരുതിയതാണ്.

പക്ഷെ, ദൈവം മറ്റൊന്നു കരുതി വെച്ചിരുന്നത് അറിയാതെ പോയി. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ. തന്റെ ഫോണുകള്‍ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നായിരുന്നു വിവാദമായപ്പോള്‍ ഗോപാലകൃഷ്ണന്റെ വാദം. ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണുകള്‍ വിദഗ്ധ പരിശോധന നടത്തിയ പോലീസ് ഗോപാലകൃഷ്ണന്റെ വാദം തള്ളുകയായിരുന്നു.

ഫോണുകളില്‍ ഹാക്കിംഗ് നടന്നിട്ടില്ലെന്നും ഇതേ ഫോണില്‍ നിന്ന് തന്നെയാണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നും വ്യക്തമായി. ഫോണുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് ഉടമസ്ഥ സ്ഥാപനായ മെറ്റയും ഗൂഗിളും പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോറന്‍സിക് പരിശോധനയിലും ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കിട്ടിയില്ല. ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്ന പേരില്‍ വാട്ട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഗ്രൂപ്പും രൂപീകരിച്ചു. ഹാക്കിങ് നടന്നവെന്ന വാദത്തിന് ബലം പകരാനായിരുന്നു ശ്രമം. ഇത് കൂടുതല്‍ കുരുക്കായി. ഹാക്കിംഗ് നടത്തി തന്റെ ഫോണില്‍ 11 ഗ്രൂപ്പുകള്‍ ആരോ ഉണ്ടാക്കിയെന്ന ഗോപാലകൃഷ്ണന്റെ വാദവും പോലീസ് തള്ളുകയായിരുന്നു.

പറഞ്ഞു വന്നത്, ഇത്രയും മതപരമായി ദുഷിപ്പുള്ള മനസ്സുമായാണ് ഗോപാലകൃഷ്ണന്‍ പട്ടിക ജാതി വികസന വകുപ്പിന്റെ തലപ്പത്തിരുന്നത്. അതുകൊണ്ടു തന്നെയായിരിക്കും പിന്നോക്കക്കാരയാ വിദ്യാര്‍ത്ഥികള്‍ഉന്നത പഠനം നടത്തുന്നത് ഇഷ്ടപ്പെടാതെ പോയതുമെന്നാണ് വിലയിരുത്തുന്നത്. ജൂണ്‍ 20നാണ് ഗോപാലകൃഷ്ണന്റെ നിസംഗതയ്‌ക്കെതിരേ അന്വേഷണം വാര്‍ത്ത ചെയ്തത്. ഇതിനു ശേഷമാണ് ആ 30 കുടുംബങ്ങള്‍ക്കും നീതി ലഭിച്ചതെന്നതും അഭിമാനകരമായ കാര്യവും.

അന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ടു നടത്തിയ ഒരു പ്രസംഗത്തിന്റെ വാചകം കോട്ട് ചെയ്താണ് വാര്‍ത്ത തുടങ്ങുന്നത്. ‘എടോ ഗോപാലകൃഷ്ണാ’ എന്നായിരുന്നു ആ വാചകം. എന്നാല്‍, വാര്‍ത്ത ഇംപാക്ട് ഉണ്ടാക്കിയതോടെ ഗോപാലകൃഷ്ണന്‍ തന്നെ നേരിട്ട് ഇടപെടുകയായിരുന്നു. തന്റെ ഭാഗം വാര്‍ത്തയില്‍ ഇല്ലായിരുന്നു എന്നാണ് അന്ന് അദ്ദേഹം ഉന്നയിച്ച പ്രശ്‌നം. എന്നാല്‍, നീതി ലഭിക്കാത്തവര്‍ പെരുവഴിയില്‍ നില്‍ക്കുമ്പോള്‍, നീതി ലഭ്യമാക്കേണ്ടയാളുടെ വ്യാജ ന്യായത്തിന് എന്തു വിലയാണ്.

ഇതായിരുന്നു അന്വേയണഥ്തിന്റെ നിലപാട്. (മല്ലു ഹിന്ദു ഓഫീസേഴ്‌സ്, വാട്‌സാപ്പ്ഗ്രൂപ്പിന്റെ പേരില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും, കള്ളത്തരങ്ങളും ഇവിടെ പ്രത്യേകം ഓര്‍മ്മിക്കണം) എങ്കിലും ഗോപാലകൃഷ്ണന്റെ ഭാഗം നല്‍കാനും അന്വേഷണം തയ്യാറായി. അന്ന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കാരണമായ ആ വാര്‍ത്ത ഇതാണ്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍, എടോ ഗോപാലകൃഷ്ണാ താന്‍ പട്ടികജാതി വികസന വകുപ്പിന്റെ ഡയറക്ടറായിരിക്കുന്നത് ആ വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കാനാണോ അതോ അവരെ ദ്രോഹിക്കാനോ?. സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക എന്ന മാന്യതയെങ്കിലും ആകാമായിരുന്നു. പക്ഷെ, ഗോപാലകൃഷ്ണന്‍ നിരന്തരം ദ്രോഹിക്കുകയാണെന്ന് പരാതി പറയുകയാണ് 30 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍. അരപ്പട്ടിണിയില്‍ ജീവിക്കുന്ന കുടുംബങ്ങളിലെ, നല്ല പഠിക്കുന്ന കുട്ടികള്‍ ഉപരിപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നേടി പോകുന്നുണ്ട്.

കുട്ടികളുടെ നല്ല ഭാവിയെ ഓര്‍ത്ത്, മാതാപിതാക്കള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും, കടവും കാവലും വാങ്ങിയും അവരെ പഠിപ്പിക്കാന്‍ തയ്യാറാകുന്നു. ഇങ്ങനെ തയ്യാറാകുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വിദേശത്തേക്ക് ഉപരിപഠനത്തിന് യോഗ്യരാകുന്ന പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് 25 ലക്ഷം രൂപ വരെയാണ് ആനുകൂല്യം. ഇത് സംസ്ഥാന പട്ടിജാതി വികസന ഡയറക്ട്രേറ്റ് വഴിയാണ് വിതരണം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റികളില്‍ പടിക്കാന്‍ സെലക്ടാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം വലിയൊരു ആശ്വാസമാണ്.

എന്നാല്‍, ഈ ആനുകൂല്യത്തിനായി ഒരു വര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ച്, ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടും ഇതുവരെ പണം അനുവദിക്കാതിരിക്കുകയാണ് പട്ടികജാതി വികസന ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍. മക്കളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്നു ഭയന്ന് ആനുകൂല്യം ലഭിക്കാനായി 30 പട്ടികജാതി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഇപ്പോഴും തിരുവനന്തപുരത്തെ ഓഫീസില്‍ കയറിയിറങ്ങുകയാണ്. പട്ടികജാതിക്കാരായവര്‍ക്ക് അവരുടെ വകുപ്പില്‍ നിന്നും നേരിടുന്ന അവഗണന വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് മന്ത്രി ഓഫീസില്‍ നിന്നും നന്ദാവനത്തുള്ള പട്ടികജാതി വികസന ഓഫീസില്‍ നിര്‍ദ്ദേശവും നല്‍കി. മന്ത്രിയുടെ ഓഫീസില്‍ നിന്നും ക്വറിയും ഇട്ടു, കത്തും നല്‍കി.

എന്നിട്ടും, ആനുകൂല്യം നല്‍കാന്‍ ഡയറക്ടര്‍ തയ്യാറായില്ല. ജോലി ചെയ്തിട്ട് കൂലി വാങ്ങാന്‍ തമ്പ്രാന്റെ മുമ്പില്‍ ‘റാന്‍’ മൂളി നില്‍ക്കേണ്ടി വന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഡയറക്ടറുടെ ഇടപെടല്‍. എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ്, ഡയറക്ടറുടെ മേശയില്‍ എത്തിയ (കമ്പ്യൂട്ടറില്‍) ഫയലില്‍ ഒപ്പിട്ടാല്‍ (ഒരു ക്ലിക്ക് ചെയ്താല്‍) 30 വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം ലഭ്യമാകുമെന്നിരിക്കെയാണ് ഡയറക്ടര്‍ ഈ നിഷേധാത്മക നിലപാട് എടുക്കുന്നത്. ഫയല്‍ ഡയറക്ടറുടെ മേശയില്‍ എത്തിയിട്ടുണ്ടെന്ന് പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ കാലഘട്ടത്തിലും പട്ടികജാതിക്കാരെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നു ഉറപ്പിക്കുന്ന വിധത്തിലാണ് വിഷയത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.അനുവദിക്കുന്ന പണം അപേക്ഷകര്‍ക്ക് ഗഡുക്കളായി മാത്രമേ നല്‍കുകയുള്ളൂ. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്ര ഫണ്ട് എത്തിയെങ്കിലും ആനുകൂല്യം റിലീസ് ചെയ്യാന്‍ ഡയറക്ടര്‍ സ്ഥലത്തില്ല എന്ന ന്യായമാണ് വകുപ്പില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കും, ഡയറക്ടര്‍ ഡെല്‍ഹിയിലുമായിരുന്നു. എല്ലാം കഴിഞ്ഞ് ഡയറക്ടര്‍ തിരിച്ച് റീ ജോയിന്റ് ചെയ്തിട്ടും ഫണ്ട് മാത്രം നല്‍കാന്‍ തയ്യാറാകുന്നില്ല.

‘കോരന് കുമ്പിളില്‍ തന്നെയാണ് കഞ്ഞി’ എന്നപോലെ പട്ടികജാതിക്കാരനെ ഡയറക്ടര്‍ ചക്രശ്വാസം വലിപ്പിക്കുകയാണ്. 2023 ജൂണില്‍ കൊടുത്ത അപേക്ഷയില്‍ ഡയറക്ടര്‍ അടയിരുന്നത്, ഒരു വര്‍ഷത്തോളമാണെന്ന് മനസ്സിലാക്കുമ്പോഴാണ് പട്ടികജാതിക്കാരന്റെ ഈ കാലഘട്ടത്തിലെയും ഗതികേട് വെളിവാകുന്നത്. ഇപ്പോള്‍ പട്ടികജാതി വികസന വകുപ്പിലെ ഫോണില്‍ വിളിച്ചാല്‍ ആരെയും കിട്ടില്ല. ഓഫീസ് ടൈമില്‍ ഫോണ്‍റിസീവര്‍ എടുത്തു മാറ്റി വെച്ചിരിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ അര്‍ഹതയുള്ളത് കൊടുക്കാതിരിക്കാനും, പട്ടികജാതിക്കാരെ നെട്ടോട്ടം ഓടിക്കുന്നതുമാണ് പുതിയകാലത്തിലെ തമ്പ്രാക്കന്‍മാരുടെ ജാതി വിവേചനം. പട്ടികജാതിക്കാരന്റെ മക്കള്‍ അങ്ങനെ വിദേശ യൂണിവേഴ്സിറ്റിയിലൊന്നും പോയി പഠിച്ച് മിടുക്കനാവണ്ട എന്ന മാടമ്പി നിലപാട്.

പട്ടികജാതിക്കാര്‍ക്ക് വെറുതേ പണം നല്‍കുന്നതോ, നക്കാപ്പിച്ച വാങ്ങാന്‍ കൈ നീട്ടി നില്‍ക്കുന്നതോ അല്ല. ആനുകൂല്യം ലഭിക്കണമെങ്കില്‍ വിദേശത്തേക്കു പോകുന്ന ഫ്ളൈറ്റ് ടിക്കറ്റ്, അവിടെ ചേരുന്ന യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വിവരങ്ങള്‍, അഡ്മിഷന്‍ നേടിയതിന്റെ രേഖകള്‍, ഹോസ്റ്റലില്‍ ചേര്‍ന്നതിന്റെ വിവരങ്ങള്‍(ഫോട്ടോ അടക്കം) എന്നിവയും സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ, എടുത്ത കോഴ്സിന്റെയും, ചേര്‍ന്ന യൂണിവേഴ്സിറ്റിയുടെയും, പഠിക്കുന്ന സബ്ജക്ടിന്റെയും അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കൂ. അതും ഓരോ വര്‍ഷത്തിലാണ് അനുവദിക്കുക. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പട്ടിക വിഭാഗങ്ങള്‍ക്ക് എങ്ങനെ നല്‍കാതിരിക്കാം എന്ന ഗൂഢാലോചന സംസ്ഥാനത്ത് നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പട്ടികജാതി വികസന വകുപ്പില്‍ നടക്കുന്നത്.’

അന്ന് ഈ വാര്‍ത്തയ്ക്കു ശേഷം നടത്തിയ തട്ടിപ്പു വേലകളില്‍ രക്ഷപ്പെട്ടെങ്കിലും ഈ പ്രശ്‌നത്തില്‍ കുരുക്കു മുറുകിയിരിക്കുകയാണ്. ഗോപാലകൃഷ്ണനെതിരേ നടപടി ഉറപ്പിച്ചാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ നടപടി എന്താകുമെന്നാണ്. മതവര്‍ഗീയതയുടെ കാവലാളാകാന്‍ നോക്കിയ ഗോപാലകൃഷ്ണനെ എങ്ങനെയാകും ശിക്ഷിക്കുകയെന്ന് സംസ്ഥാനത്തെ പട്ടികജാതിക്കാരും നോക്കുകയാണ്.

CONTENT HIGHLIGHTS;Chief Minister’s ‘Eto Gopalakrishna’ call should be recalled again: As government prepares action against ‘Mallu Hindu Officers’ WhatsApp group ‘creator’ (Special Story)

Latest News