ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. പൊതുവേ പച്ച നിറത്തിലുള്ള കാബേജ് ആണ് നമ്മൾ ഉപയോഗിക്കാറുള്ളത്. റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിനെ പൊതുവേ കേരളത്തിലെ അടുക്കളകളിൽ നിന്നും മാറ്റി നിർത്തുന്നതാണ് കണ്ടിട്ടുള്ളത്. പക്ഷേ പച്ച കാബേജിനേക്കാൾ ഗുണങ്ങൾ കൂടുതൽ വയലറ്റ് കാബേജിന് ആണ്. വിറ്റാമിന്‍ എ, ബി 2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയെല്ലാം കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വയലറ്റ് കാബേജ് കഴിച്ചാൽ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ രോഗത്തെ ചെറുക്കാനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിറ്റമിന്‍-കെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സി, ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന വിറ്റമിന്‍ സി, ഇ, എ എന്നിവയും ധാരാളമായി വയലറ്റ് കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ ആയ കാബേജിനെ നിറത്തിന്റെ പേരിൽ അങ്ങനെ മാറ്റി നിർത്തേണ്ട. ഇനിമുതൽ ഭക്ഷണത്തിൽ വയലറ്റ് കാബേജ് കൂടി ഉൾപ്പെടുത്തിക്കോളൂ.